തമിഴ്‌നാട്ടില്‍ നിരീക്ഷണത്തിലിരുന്നയാള്‍ കേരളത്തിലേക്ക് കടന്ന് ഒളിവില്‍; തെരച്ചില്‍ ഊര്‍ജിതം
മറയൂര്‍ (ഇടുക്കി): തമിഴ്‌നാട്ടില്‍ ജോലിക്ക് പോയ കാന്തല്ലൂര്‍ സ്വദേശി നിരീക്ഷണത്തിനിടെ അതിര്‍ത്തി കടന്ന് നാട്ടിലെത്തി ഒളിവില്‍ പോയി. രണ്ട് ദിവസം മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് വട്ടവട കോവിലൂര്‍ വനപാതയിലൂടെ അതിര്‍ത്തികടന്ന യുവാവ് കാന്തല്ലൂരിലെത്തി സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ആരോഗ്യ വകുപ്പിലും പൊലിസിലും വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോയി. ഇയാളുടെ കൈയില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് -19 നിരീക്ഷണത്തില്‍ കഴിയുന്നതായി രേഖപ്പെടുത്തിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. യുവാവിനെ കണ്ടെത്താന്‍ മറയൂര്‍ പൊലിസ് നടപടി ഊര്‍ജിതപ്പെടുത്തി.
ഇതിനിടെ തമിഴ്‌നാട് വഴി യാത്രചെയ്ത് വന്ന സിവില്‍ പൊലിസ് ഓഫിസറെ മറയൂരില്‍ നിരീക്ഷണത്തിലാക്കി. പാലക്കാട് സ്വദേശിയായ മറയൂര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറാണ് തമിഴ്‌നാട് വഴി യാത്ര ചെയ്ത് സ്റ്റേഷനിലെത്തിയത്. ഇടുക്കിയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൊന്നാണ് മറയൂര്‍. പാലക്കാട് നിന്ന് തമിഴ്‌നാട് അതിര്‍ത്തി കടന്ന് തിരികെ സ്റ്റേഷനിലേക്ക് വരികയായിരുന്ന പൊലിസ് ഓഫിസറെ അതിര്‍ത്തിയില്‍ പരിശോധനയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് നിരീക്ഷണത്തിനായി നിര്‍ദേശിച്ചത്.
നിരീക്ഷണത്തിലാക്കിയ പൊലിസ് ഓഫിസര്‍ക്ക് താമസത്തിനായി പ്രത്യേക സൗകര്യം ഒരുക്കിയതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്ന 51 ആളുകള്‍ ഇവിടെ നിരീക്ഷണത്തില്‍ ഉള്ളതായി മറയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."