ശമ്പളം പിടിക്കല്‍: ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരേ മുഖ്യമന്ത്രി, കുട്ടികളുടെ മനസിന്റെ വലിപ്പംപോലും ഇവര്‍ക്കില്ലാതെപോയത് ലജ്ജാകരം
തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിസന്ധിയിലായ കേരളത്തിന് താങ്ങാകാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം മാറ്റിവെയ്ക്കാനുളള ഉത്തരവ് ഒരു വിഭാഗം അധ്യാപകര്‍ കത്തിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. അവര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മനസിന്റെ വലിപ്പംപോലും ഇവര്‍ക്കില്ലാതെപോയത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പതാം ക്ലാസുകാരനായ ആദര്‍ശിന്റെ വലിപ്പമാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അഞ്ചാം ക്ലാസ് മുതല്‍ മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദര്‍ശ് സംഭാവന നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി കുട്ടികളാണ് സഹജീവി സ്്നേഹം പ്രകടിപ്പിച്ച് രംഗത്തുവരുന്നത്. വിഷുൈക്കനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, പണം നല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത് കുട്ടികളാണ്. ഇവരുടെ മനസിന്റെ വലിപ്പം എല്ലാവര്‍ക്കും ഒരു പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് കത്തിച്ചതിലൂടെ വളരെ മോശം പ്രകടനമാണ് അവര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം മാത്രമല്ല രാജ്യവും ലോകവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് ശമ്പളം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഉത്തരവും പുറത്തിറങ്ങി. പ്രളയ കാലത്ത് സ്വീകരിച്ച നിലപാട് പോലെ ഇതും സമ്മതിക്കില്ല എന്ന കാഴ്ചപ്പാടാണ് ഒരു ന്യൂനപക്ഷം സ്വീകരിച്ചത്. ഇവര്‍ സമൂഹത്തിന് മുന്‍പില്‍ പരിഹാസ്യരാകുകയാണ്. നിലവില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."