മാതൃകാ തീരുമാനവുമായി സഊദി, സഹായം ഏറ്റു വാങ്ങുന്നവരുടെ ചിത്രം എടുക്കരുതെന്ന് നിർദേശം
റിയാദ്: സഹായങ്ങൾ നൽകുമ്പോൾ അതേറ്റു വാങ്ങുന്ന നിസ്സഹായതയുടെ ചിത്രങ്ങൾ ഏറുമ്പോൾ മാതൃകാ തീരുമാനവുമായി സഊദി അറേബ്യ. ഗതികേടിനാൽ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി സ്വീകരിക്കുന്ന സഹായങ്ങൾ ഇവർക്ക് ആശ്വാസമാകാറുണ്ടെങ്കിലും ഇത്തരം ചിത്രങ്ങൾ നിസഹായത പലപ്പോഴും വിളിച്ചോതുന്നതാണ്. ഇതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ സഊദി തീരുമാനിച്ചത്. സഹായം നല്‍കുമ്പോള്‍ ഗുണഭോക്താക്കളുടെ ചിത്രം എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സഊദി മാനവ വിഭവശേഷി മന്ത്രാലയമാണ് നിരോധിച്ചത്. വ്യക്തികളുടെ സ്വകാര്യത മാനിച്ചാണ് മന്ത്രാലയത്തിന്‍റെ നടപടി.
റിലീഫ്, സഹായ പദ്ധതികളെ കുറിച്ച പരസ്യങ്ങളിലും സന്നദ്ധ സംഘടനകളുടെയും ചാരിറ്റി ഫൗണ്ടേഷനുകളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലും ഗുണഭോക്താക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും മറ്റു ഉല്‍പന്നങ്ങളും മാത്രമേ ചിത്രീകരിക്കാവൂ എന്നും മന്ത്രാലയം നിർദേശിച്ചു.
നാട്ടിലും വിദേശങ്ങളിലും ചെറുതും വലുതുമായ സംഘടനകള്‍ ചെറിയ സഹായങ്ങള്‍ നല്‍കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാറുണ്ട്. ഇവർക്കൊക്കെ മാതൃകയാണ് സഊദി തീരുമാനം. സഹായം സ്വീകരിക്കുന്ന വ്യക്തികള്‍ ഗതികേട് കൊണ്ട് നിന്നു കൊടുക്കേണ്ട സാഹചര്യങ്ങളും നിസ്സഹായാവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയത്തിന്‍റെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."