ആരോഗ്യപ്രവര്‍ത്തകരെ അക്രമികള്‍ക്ക് വിട്ടുകൊടുക്കരുത്
മഹാമാരികള്‍ എഴുതപ്പെട്ട ചരിത്രകാലം മുതല്‍ മാത്രമല്ല, അതിനുമുന്‍പും ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. പ്രാചീന സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഗ്രീസിലെ ഏതന്‍സില്‍ പിടിപെട്ട പ്ലേഗ് എന്ന മഹാരോഗം ആ രാജ്യത്തെ നല്ലൊരു ശതമാനം ആളുകളെ കൊന്നൊടുക്കി. ഏതന്‍സ് ഒരു ശ്മശാനഭൂമിയായി മാറിയെന്നാണ് ഒരു ചരിത്രകാരന്‍ രേഖപ്പെടുത്തിയത്. അവിടത്തെ ആയിരക്കണക്കിന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഈ പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞത് ചരിത്രത്തില്‍ പ്രത്യേകമായി കുറിച്ചിട്ടുമുണ്ട്. പ്ലേഗ് മാത്രമല്ല, വസൂരിയും ക്ഷയവും വിവിധ രൂപത്തിലുള്ള പകര്‍ച്ചപ്പനികളുമെല്ലാം ലോകത്തെ നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളെ ഭൂമുഖത്തുനിന്നും പറിച്ചെറിഞ്ഞിട്ടുണ്ട്. എന്നെല്ലാം മഹാമാരികള്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ടോ അന്നെല്ലാം തന്നെ രോഗികള്‍ക്ക് അത്താണിയായി ഉണ്ടായിരുന്നത് ആ കാലഘട്ടത്തിലെ ആരോഗ്യപ്രവര്‍ത്തകരാണ്. ഇക്കൂട്ടരുടെ സേവനങ്ങളെ ലോകമെന്നും ആദരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ്-19 ലോകത്തെ പിടിച്ചുകുലുക്കുകയാണ്. എന്നത്തേയും പോലെ ഈ മഹാമാരിയെ ചെറുക്കാനും ജനങ്ങളെ രക്ഷിക്കാനും വിവിധ രാജ്യങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയ ആയിരക്കണക്കിന് പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ പ്രോത്സാഹനം നല്‍കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനുപകരം ഈ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്താനും ഇക്കൂട്ടരെ എല്ലാനിലയിലും ദ്രോഹിക്കാനുമാണ് ഒരു വിഭാഗം രംഗത്തുള്ളത്. ഈ മഹാമാരിയുടെ വിളയാട്ടത്തില്‍ രോഗികളായി മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുപോലും അനുവദിക്കാത്ത അക്രമികള്‍ ഇന്ന് രംഗത്തിറങ്ങിയിരിക്കുകയാണ്. അത്യന്തം നീചവും മനുഷ്യത്വരഹിതവുമായ നടപടിയാണിത്. ഇതിനെ ശക്തമായി ചെറുക്കാനും അക്രമകാരികളെ അമര്‍ച്ചചെയ്യാനും ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞേ മതിയാകൂ.
ഇന്ത്യയില്‍ കൊവിഡ് തടഞ്ഞു നിര്‍ത്തുന്നതില്‍ വളരെ സുപ്രധാന പങ്കാണ് ആരോഗ്യപ്രവര്‍ത്തകര്‍ വഹിച്ചിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനകം നടന്നത്. മൂന്നു പതിറ്റാണ്ട് ചെന്നൈയില്‍ ആതുര സേവനരംഗത്ത് പ്രവര്‍ത്തിച്ച , കൊവിഡ് ബാധിച്ച് മരിച്ച പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ സംസ്‌കാരചടങ്ങിന് നേരെയുണ്ടായ പൈശാചികമായ ആക്രമണം ഇതിന്റെ ഉത്തമോദാഹരണമാണ്. ജനങ്ങളെ ശുശ്രൂഷിക്കുന്നതിനായി മാത്രം സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു ഈ ഡോക്ടറുടേത്. അദ്ദേഹത്തിന്റെ ഭൗതികശരീരം മറവ് ചെയ്യുന്നതിന് പോലും അനുവദിക്കാതെ അക്രമം നടത്തകുയായിരുന്നു ചെന്നൈയിലെ വിവരശൂന്യരായ അക്രമികള്‍. പല സംസ്ഥാനങ്ങളിലും ഇതിനുമുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. മേഘാലയത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‌കാരവേളയില്‍ ജനങ്ങള്‍ അക്രമം നടത്തിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച സംഭവങ്ങള്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും ഇതിനകം ഉണ്ടായിട്ടുണ്ട്.
എന്തായാലും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരയുള്ള കിരാതമായ ഈ ആക്രമണങ്ങളെ വച്ചുപൊറുപ്പിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം കടുത്ത ശിക്ഷ വ്യവസ്ഥചെയ്തുകൊണ്ട് ഒരു ഓര്‍ഡിന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ സംഘടനയുമായും ബന്ധപ്പെട്ട മറ്റ് അസോസിയേഷനുകളുമായും ചര്‍ച്ച നടത്തിയും അവരുടെ കൂടി വികാരം മാനിച്ചുമാണ് ഓര്‍ഡിനന്‍സിന് രൂപം നല്‍കിയിരിക്കുന്നത്. 1897-ലെ പകര്‍ച്ചവ്യാധിനിയമം ഭേദഗതിചെയ്താണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഒന്നേകാല്‍ പതിറ്റാണ്ടിനുമുമ്പ് ബ്രട്ടിഷ് സര്‍ക്കാര്‍ പാസാക്കിയ ഈ നിയമത്തില്‍ കാലോചിതമായ വലിയ മാറ്റങ്ങള്‍ ഇനിയും കൊണ്ടുവരേണ്ടിയിരിക്കുകയാണ്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി. ഓര്‍ഡിനന്‍സ് പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ജാമ്യമില്ലാകുറ്റമായി കണക്കാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും സ്വത്തുനാശമുണ്ടാക്കുകയോ ചെയ്താല്‍ അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാം. കേസുകളുടെ ഗൗരവമനുസരിച്ച് സാധാരണ കുറ്റങ്ങളില്‍ മൂന്നുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും 50000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാവും പുതിയ ഭേദഗതി. പരുക്കുകള്‍ ഗുരുതരമായ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളില്‍ ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥചെയ്യുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ഈ അക്രമികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കിയേ മതിയാകൂ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമം അമര്‍ച്ചചെയ്യുന്നതിനുവേണ്ടിയുള്ള ഈ കേന്ദ്ര ഓര്‍ഡിനന്‍സ് കൃത്യമായി നടപ്പില്‍വരുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കണം. അനാസ്ഥയുണ്ടായാല്‍ ഓര്‍ഡിനന്‍സു കൊണ്ട് യാതൊരു ഫലവുമുണ്ടാവുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."