മറക്കാതിരിക്കുക.., താങ്കള്‍ ഈ നാടിന്റെ പ്രധാനമന്ത്രിയാണ്
'കൊവിഡ് എന്ന മാരകരോഗം പരത്തുന്നത് ഞങ്ങളുടെ മതത്തില്‍പ്പെട്ടവരാണെന്ന അപഖ്യാതി പരത്തുന്നവരെ തടയാന്‍ സര്‍ക്കാരിനോട് ഉത്തരവിടേണമേ...'
ഇങ്ങനെ ദയനീയ വിലാപമുയര്‍ത്തി നീതിപീഠത്തെ സമീപിക്കേണ്ട ദുര്യോഗം ചരിത്രത്തില്‍ ഏതെങ്കിലും കാലത്ത് ഏതെങ്കിലും സമൂഹത്തിന് ഉണ്ടായതായി കേട്ടിട്ടില്ല.
എന്നാല്‍, ഇന്നതു സംഭവിച്ചിരിക്കുന്നു.., അപരിഷ്‌കൃത സമൂഹം അധിവസിക്കുന്ന ഇടമെന്നു നാം പുച്ഛത്തോടെ പരാമര്‍ശിക്കുന്ന ആഫ്രിക്കന്‍ നാടുകളില്‍ ഏതെങ്കിലുമൊന്നിലല്ല, സഹസ്രാബ്ദങ്ങളുടെ മഹനീയ പാരമ്പര്യത്തിന്റെ ഭൂമികയെന്നു നമ്മള്‍ അഭിമാനിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്തു തന്നെ!
ലോകം തങ്ങളുടെ കാല്‍ക്കീഴിലാണെന്ന് ഇക്കാലമത്രയും അഹങ്കരിച്ച അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ മരണം വിതച്ചത്. ഒമ്പതുലക്ഷത്തോളം പേര്‍ അവിടെ ഇതിനകം കൊവിഡിന്റെ പിടിയിലായി. മരണസംഖ്യ അര ലക്ഷമായി. എന്നിട്ടും, അമേരിക്കയിലെ ഭൂരിപക്ഷ സമുദായത്തില്‍പെട്ടവര്‍ ഈ മഹാരോഗം തങ്ങളുടെ നാട്ടില്‍ പരത്തിയത് മറ്റേതെങ്കിലും സമുദായത്തിലുള്ളവരാണെന്ന് ഇന്നുവരെ കുറ്റപ്പെടുത്തിയിട്ടില്ല.
അമേരിക്കയെപ്പോലെ തന്നെ കൊവിഡിന്റെ ഭീകരവിളയാട്ടത്തിനു വേദികളായ സ്‌പെയിനോ ഇറ്റലിയോ ഇറാനോ കൊവിഡ് തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ മരണം വിതച്ച ചൈനയോ ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിയിട്ടില്ല. കാരണം, അത്തരമൊരു ആരോപണം ഏതു മതവിഭാഗത്തിനെതിരേ നടത്തുന്നതും അങ്ങേയറ്റം ജുഗുപ്‌സാവഹവും വിലകുറഞ്ഞതും മനുഷ്യത്വരഹിതവും സംസ്‌കാരശൂന്യവുമായ, യാഥാര്‍ഥ്യത്തിന്റെ കണിക ലവലേശമില്ലാത്ത നടപടിയാകുമെന്നു ചിന്തിക്കാനുള്ള സംസ്‌കാരസമ്പന്നത ആ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്.
ലോകത്ത് ഒരേയൊരു രാജ്യത്തു മാത്രമാണ് കൊവിഡിനെ മതവിരോധം തീര്‍ക്കാനുള്ള ആയുധമായി ഉപയോഗിച്ചത്. അത് 'ലോകാ: സമസ്താ: സുഖിനോ ഭവന്തു' എന്നും 'മാ വിദ്വുഷാവഹൈ:' എന്നും മറ്റുമുള്ള മഹാവാക്യങ്ങള്‍ പിറന്ന, ഗാന്ധിജിയെപ്പോലൊരു മനുഷ്യസ്‌നേഹിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്ന, മതാതീത സാഹോദര്യം പുലരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന കോടാനുകോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയിലാണ് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
പൗരത്വനിയമ ഭേദഗതിയിലൂടെ ജനിതകമാറ്റം സംഭവിച്ച ഇസ്‌ലാമോഫോബിയയെന്ന മതഭ്രാന്തിന്റെ വൈറസ് കൊടുംഭീകരമായി മാറിയതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാട്ടകൊട്ടി പാട്ടുപാടിയാലും വിളക്കു കത്തിച്ചാലും കൊവിഡിനെ തോല്‍പിച്ച ഖ്യാതി നേടി ഭാവിയില്‍ വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്ന ഭീതിയാലാകണം ഈ സന്ദര്‍ഭത്തിലും ഇസ്‌ലാം വിരുദ്ധതയെന്ന മാരകായുധം പുറത്തെടുത്തത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പത്തെ നാളുകളില്‍ ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കരുതെന്നു പല സംസ്ഥാന സര്‍ക്കാരുകളും വിലക്കിയിട്ടും മിക്കയിടങ്ങളിലും അത്തരം പരിപാടികളും ചടങ്ങുകളും നിര്‍ബാധം നടന്നിരുന്നു. കുറേക്കൂടി കര്‍ക്കശമായ നിലപാടെടുത്ത കേരളത്തില്‍ പോലും ലക്ഷക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല നടത്തിയതും മതപരമായ ചടങ്ങു വിലക്കിയാല്‍ വയ്യാവേലിയാകുമെന്നു ഭയന്നു സംസ്ഥാന സര്‍ക്കാര്‍ അതിനുനേരെ കണ്ണടച്ചതും ഓര്‍ക്കുക.
മതപരവും അല്ലാത്തതുമായ ഇത്തരം പരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടത് വെല്ലുവിളിയെന്ന നിലയിലായിരുന്നില്ല, കൊവിഡ് ഭീകരതയെക്കുറിച്ചുള്ള അജ്ഞതമൂലമായിരുന്നു എന്നതു സത്യം. കൊവിഡ് ലോകം മുഴുവന്‍ മരണം വാരിവിതയ്ക്കാന്‍ തുടങ്ങിയപ്പോഴാണു ജനം കിടുങ്ങിയത്.
അതോടെ എല്ലാവരും വീടുകളില്‍ സ്വയം ഒതുങ്ങി. ആരാധനാലയങ്ങള്‍ അടച്ചിട്ടു. ആള്‍ക്കൂട്ടമുണ്ടാവുന്ന മതപരമായ എല്ലാ ചടങ്ങുകളും നിര്‍ത്തിവച്ചു. ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്നു മതഭ്രാന്തു ബാധിക്കാത്ത തലച്ചോറുള്ളവരെല്ലാം സമ്മതിക്കും.
എന്നിട്ടും എന്തുകൊണ്ടാണ്, 'ഇന്ത്യയില്‍ കൊവിഡ് പടര്‍ത്തുന്നത് മുസ്‌ലിംകളാണ് ' എന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിച്ചത്?
അതു സ്വയമേവ പ്രചരിച്ചതല്ല, ബോധപൂര്‍വം പ്രചരിപ്പിക്കപ്പെട്ടതാണ്.
അതിന്റെ ലക്ഷ്യം രാഷ്ടീയ താല്‍പര്യത്തോടെയുള്ള ഇസ്‌ലാമോഫോബിയ രാജ്യവ്യാപകമായി വളര്‍ത്തിയെടുക്കല്‍ തന്നെയായിരുന്നു.അതിനവര്‍ക്ക് ഒരു പിടിവള്ളി കിട്ടി, നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കുമുണ്ടായ കൊവിഡ് ബാധ.
തബ്‌ലീഗ് സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നു പ്രതിനിധികള്‍ പങ്കെടുത്തു എന്നതു സത്യമാണ്. ആ സമ്മേളനം നടന്നത് ലോക്ക് ഡൗണ്‍ കാലത്തല്ല, അതിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയല്ലാത്തതിനാല്‍ മറ്റുള്ളവരെപ്പോലെ അവര്‍ക്കും യോഗം ചേരാം.
നിര്‍ഭാഗ്യത്തിന് അവരില്‍ പലരും കൊവിഡ് ബാധിതരായി. അവരെ രോഗികളായി കണ്ട് മതിയായ ചികിത്സ ഉറപ്പുവരുത്തുക മാത്രമാണു ചെയ്യേണ്ടത്. ആരോഗ്യപ്രവര്‍ത്തകര്‍ അതു ചെയ്തു. പക്ഷേ, അതിനിടയില്‍ കൊറോണ വൈറസ്സിനേക്കാള്‍ ഭീകരമായി ഇന്ത്യ മുഴുവന്‍ ഇസ്‌ലാമോഫോബിയ വൈറസ് വ്യാപിച്ചു കഴിഞ്ഞിരുന്നു.
ഇതില്‍ വേണ്ടതിലേറെ സാമൂഹ്യമാധ്യമങ്ങള്‍ക്കും അറിഞ്ഞോ അറിയാതെയോ പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കും അധികാരികള്‍ക്കും പങ്കുണ്ട്, രോഗബാധിതരുടെ കണക്കുകളില്‍ തബ്‌ലീഗ് കണക്കുകള്‍ നിറം പകര്‍ന്നു നല്‍കപ്പെട്ടു.
അതോടെ മതഭ്രാന്തന്മാര്‍ തെരുവില്‍ കൈകാര്യം ഏറ്റെടുത്തു. മുസ്‌ലിം വിരുദ്ധത അക്രമത്തിന്റെയും ആട്ടിയോടിക്കലിന്റെയും ചികിത്സ നിഷേധിക്കലിന്റെയും മറ്റും രൂപത്തില്‍ പത്തി വിടര്‍ത്തി. മുസ്‌ലിംകളായ അര്‍ബുദ രോഗികള്‍ക്ക് ഇനി ചികിത്സ ലഭിക്കണമെങ്കില്‍ തങ്ങള്‍ കൊവിഡ് രോഗികളല്ലെന്നു തെളിയിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കാന്‍സര്‍ ആശുപത്രി ഉത്തരവിറക്കുന്ന അവസ്ഥ വരെയെത്തി.
ഇതുമായി ബന്ധപ്പെട്ട് മീഡിയ സ്‌കാനര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം ഇതുവരെ 28 ഇസ്‌ലാമോഫോബിയ അക്രമസംഭവങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന 69 വ്യാജ വിഡിയോകളും കണ്ടെത്തി.
ലോകം മുഴുവന്‍ ഞെട്ടലോടെയാണ് മതഭ്രാന്തിന്റെ ഈ വൈറസ് വ്യാപനത്തെ നോക്കിക്കാണുന്നത്. അമേരിക്കയിലെ മതസ്വാതന്ത്ര്യത്തിനായുള്ള അന്താരാഷ്ട്ര കമ്മിഷന്‍ അതിക്രൂരമെന്നാണു കുറ്റപ്പെടുത്തിയത്.
എന്നിട്ടും, ഇന്ത്യയുടെ പ്രധാനമന്ത്രീ..., 'കൊറോണ മതമോ നിറമോ ഭാഷയോ അതിരോ നോക്കിയല്ല വേട്ടയാടുന്നത് ' എന്ന അലസമായ പ്രതികരണം നടത്തിയതല്ലാതെ, കൊറോണയേക്കാള്‍ ഭീകരമായ മതഭ്രാന്ത്രിന്റെ വൈറസ്സിനെ നശിപ്പിക്കാന്‍ താങ്കളുടെ ഭരണകൂടം ഒന്നും ചെയ്തില്ല.
മറക്കാതിരുന്നാലും...,
താങ്കള്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രധാനമന്ത്രിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."