സ്പ്രിംഗ്ലര്‍ കരാര്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ല: എസ്.ആര്‍.പി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊവിഡ് വിവരശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പാര്‍ട്ടി നയത്തിനു വിരുദ്ധമല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സ്പ്രിംഗ്ലര്‍ കരാര്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന് ആശ്വാസമാകുന്ന ഹൈക്കോടതി വിധിക്കു പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് ലൈവിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്യുകയായിരുന്നു എസ്.ആര്‍.പി. കരാറിലെ വ്യവസ്ഥകള്‍ എണ്ണിപ്പറഞ്ഞും വ്യക്തി സ്വകാര്യത സംബന്ധിച്ച പാര്‍ട്ടി നയം വിശദീകരിച്ചുമായിരുന്നു എസ്.ആര്‍.പിയുടെ ഒരുമണിക്കൂര്‍ നീളുന്ന ഫേസ്ബുക്ക് ലൈവ്.
സ്പ്രിംഗ്ലര്‍ കരാര്‍ പാര്‍ട്ടി നയത്തിനു വിരുദ്ധമാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, അതു ശരിയല്ല. വ്യക്തിഗത വിവരങ്ങള്‍ ചോരുമെന്നതു തെറ്റായ പ്രചാരണമാണ്. രോഗത്തെ ചെറുക്കാനുള്ള വിവരശേഖരണമാണു സ്പ്രിംഗ്ലര്‍ നടത്തുന്നത്. അത്തരത്തിലുള്ള കരാറാണു സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുമായി ഉണ്ടാക്കിയത്. മറ്റൊരാരോപണം ഭരണഘടനാ അവകാശം ലംഘിക്കപ്പെടും എന്നതാണ്. എന്നാല്‍, ഇന്ന് എന്ത് ഭരണഘടനാ അവകാശമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും എസ്.ആര്‍.പി ചോദിച്ചു.
ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന പൗരനു നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യവും ഇപ്പോള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടു. റോഡിലിറങ്ങാന്‍ സത്യവാങ്മൂലം നല്‍കണമെന്നതാണു നിലവിലെ അവസ്ഥ. ഇത്തരത്തിലൊരു അസാധാരണ അവസ്ഥയാണു രാജ്യത്ത് നിലവിലുള്ളത്. ഇത്തരം അസാധാരണ സമയങ്ങളില്‍ അസാധാരണ നടപടികള്‍ അനിവാര്യമായി വരും. അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധാരണ നടപടികളും ഉണ്ടാകുമെന്നും എസ്.ആര്‍.പി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."