നാഗാലാന്റില്‍ കുടുങ്ങിയ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ മലയാളി സംഘം നാട്ടിലെത്തി
പാലക്കാട്: നാഗാലാന്റില്‍ കുടുങ്ങിയ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കേരള ഘടകത്തിലെ 123 അംഗ സംഘം ഏറെനാളത്തെ അനിശ്ചിതത്വത്തിനുശേഷം കേരളത്തിലെത്തി. ഇന്നലെ രാത്രി ഒന്‍പതിനാണ് സംഘം കേരളാതിര്‍ത്തിയായ വാളയാറിലെത്തിയത്. ഡി.എം.ഒ ഡോ.റീത്തയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ വിശദമായ പരിശോധനകള്‍ക്കുശേഷമാണ് സേനാംഗങ്ങളെ കേരളത്തിലേക്ക് പ്രവേശിപ്പിച്ചത്.
നാഗാലാന്റില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ തിരിച്ച സംഘം ഇന്നലെ ഉച്ചയോടെ ബംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് കേരള പൊലിസിന്റെ മൂന്നു ബസുകളിലായി റോഡ് മാര്‍ഗം തമിഴ്‌നാട് വഴി കേരളത്തിലെത്തിക്കുകയായിരുന്നു. തൃശൂര്‍ ആസ്ഥാനമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ മലപ്പുറം പാണ്ടിക്കാട് ക്യാംപില്‍ നിന്ന് മണിപ്പൂരില്‍ ഉന്നത പരിശീലനത്തിന് പോയ 115 റിക്രൂട്ട് പൊലിസുകാരും സപ്പോര്‍ട്ടിങ് ഓഫിസര്‍മാരായ മൂന്നുപേരും അഞ്ച് ഹവില്‍ദാര്‍മാരുമടങ്ങുന്ന സംഘമാണ് നാഗാലാന്റില്‍ കുടുങ്ങിക്കിടന്നിരുന്നത്.
കൊവിഡ് 19 രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പിടിമുറുക്കിയതോടെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുകയും തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയും ചെയ്തതിനെ തുടര്‍ന്ന് സേനാംഗങ്ങളുടെ ബന്ധുക്കള്‍ പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് സംഘാംഗങ്ങള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനെയും കാര്യങ്ങള്‍ ധരിപ്പിക്കുകയും സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുകയും ശ്രീകണ്ഠന്‍ എം.പി റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തു. ട്രെയിന്‍ നിരക്ക് ഇനത്തില്‍ വന്‍തുക അടക്കുന്നത് സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം സംഘം യാത്ര പുറപ്പെടുന്നതുവരെയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ചെത്ര തെരേസയും ആംഡ് പൊലിസ് ബറ്റാലിയന്‍ ഡി.ഐ.ജി പ്രകാശും അവസരോചിതമായ ഇടപെടലുകള്‍ നടത്തിയതോടെ യാത്രയുടെ അനിശ്ചിതത്വം പൂര്‍ണമായി പരിഹരിച്ചു.
ഇന്നത്തെ വിശദമായ പരിശോധനകള്‍ക്കുശേഷം ഇവരെ എവിടെ ക്വാറന്റൈന്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."