ബാഴ്‌സലോണക്കുവേണ്ടി വിഡിയോ തയാറാക്കി മലയാളി വിദ്യാര്‍ഥി
മഞ്ചേരി: ലയണല്‍ മെസിയുടെ 500ാം ഗോളിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബാഴ്‌സലോണ ക്ലബ്ബ് സോഷ്യല്‍ മീഡിയയിലൂടെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി പങ്കുവച്ചത് മലയാളി തയാറാക്കിയ വിഡിയോ. മലപ്പുറം പുല്‍പറ്റ പൂക്കൊളത്തൂര്‍ ചുണ്ടക്കാട്ടില്‍ മുഹമ്മദ് മഷാറാണ് ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി ഗ്രാഫിക് വിഡിയോ തയാറാക്കിയത്.
2017 ഏപ്രില്‍ 23ന് റയല്‍ മാഡ്രിഡിനെതിരേ ഇഞ്ചുറി ടൈമില്‍ മെസി നേടിയ ഗോള്‍ ഏറെ ചര്‍ച്ചയായിരുന്നു. മെസിയുടെ അഞ്ചൂറാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന്റെ മൂന്നാം വാര്‍ഷികത്തിലാണ് പതിനെട്ടുകാരന്‍ ബാഴ്‌സലോണ ക്ലബ്ബിന് വേണ്ടി വിഡിയോ ഒരുക്കിയത്.
മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് മെസ്സിയുടെ 500ാം ഗോളായിരുന്നു. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
അഞ്ഞൂറാം ഗോള്‍ നേടിയ സന്തോഷത്തില്‍ മെസി ജഴ്‌സിയൂരി ഗാലറിയെ അഭിവാദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മെസിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഇതെല്ലാം ഉള്‍കൊള്ളിച്ചാണ് മുഹമ്മദ് മഷാര്‍ വിഡിയോ തയാറാക്കിയത്. കഴിഞ്ഞ 16ന് മഷാര്‍ മെസ്സിക്ക് വേണ്ടി ഒരു വിഡിയോ തയാറാക്കിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.
പിന്നീടാണ് 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ തയാറാക്കിയത്. ബാഴ്‌സലോണ ക്ലബിന്റെ സോഷ്യല്‍ മീഡിയ അഡ്മിനായ അവീവ് ലെവി ഷോഷന് ഈ വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ ക്ലബ് അംഗങ്ങള്‍ മഷാറിനെ വിളിച്ച് അഭിനന്ദനമറിയിച്ചു. 100 മില്യണിലധികം ലൈക്ക് നേടിയ ഫേസ്ബുക് പേജിലും 85 മില്ല്യണിലധികം ആളുകള്‍ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം പേജിലും ട്വിറ്ററിലും ബാഴ്‌സലോണ വിഡിയോ പങ്കു വയ്ക്കുകയും ചെയ്തു. 2.81 ലക്ഷം പേരാണ് ഫേസ്ബുക്കില്‍ വിഡിയോ കണ്ടത്. 1.86 ലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമിലും വിഡിയോ കണ്ടു. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്. 35 ഫ്രെയിമുകളുടെ സീക്വന്‍സിലാണ് വിഡിയോ തയാറാക്കിയത്.ബംഗളൂരു എസ്.ജെ.ഇ.എസ് കോളജില്‍ ബി.സി.എ വിത്ത് ക്ലൗഡ് കംപ്യൂട്ടിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ് മഷാര്‍. കൊവിഡ് -19 ന്റെ സാഹചര്യത്തില്‍ മാര്‍ച്ച് 13 നാണ് മഷാര്‍ നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടയിലാണ് വിഡിയോ തയാറാക്കിയത്. ചുണ്ടക്കാട്ടില്‍ റഹ്മത്തുള്ള-റംലത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."