പാതയോരത്തെ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി
പൂച്ചാക്കല്‍: റോഡുകളിലെ അനധികൃത കൈയേറ്റങ്ങളും കടകളുടെ നീട്ടുകളും പൊളിക്കല്‍ നടപടികള്‍ ശക്തമാക്കി. ശനിയാഴ്ച തുറവൂര്‍പമ്പ പാതയുടെ തൈക്കാട്ടുശേരി മുതല്‍ മാക്കേകവല വരെയുള്ള ഭാഗങ്ങളിലെ കൈയ്യേറ്റങ്ങളാണ് നീക്കം ചെയ്യുന്നത്.
മാക്കേകവല മുതല്‍ പാണാവള്ളി ഓടമ്പള്ളി വരെയുള്ള റോഡരികിലെ കൈയ്യേറ്റങ്ങളും നീക്കം ചെയ്തു. പൊലിസിന്റെ സഹായമില്ലാതെ തന്നെയാണ് നടപടി നടക്കുന്നത്.ആവശ്യമെങ്കില്‍ മാത്രം പോലീസിന്റെ സഹായം തേടുമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ് .
വ്യാപാരികള്‍ കടകളുടെ നീട്ടുകള്‍ സ്വയം നീക്കം ചെയ്ത് അധികൃതരുടെ നടപടിയോട് സഹകരിച്ചു. എന്നാല്‍ കടകളുടെ മുന്‍വശം നീട്ടിക്കെട്ടിയ ഭാഗങ്ങള്‍ ഉടമകള്‍ സ്വയം നീക്കമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഒരുദിവസത്തെ ഇളവ് അധികൃതര്‍ നല്‍കി. വിവിധ രാഷ്ട്രീയ സംഘടനകളുടെ കൊടി തോരണങ്ങള്‍ തുടങ്ങിയവ ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ച് നീക്കം ചെയ്തു.
വരുംദിവസങ്ങളില്‍ ഓടമ്പള്ളി മുതല്‍ അരൂര്‍ വരെ പൊളിക്കല്‍ നടപടികള്‍ നടക്കും. തുടര്‍ന്ന് അരൂര്‍തോപ്പുംപടി റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം പട്ടണക്കാട് ഓഫിസാണ് കൈയ്യറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. അനധികൃത കൈയ്യറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉച്ചഭാഷിണിയിലൂടെയും നോട്ടീസിലൂടെയും അധികൃതര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."