റണ്‍വേയില്‍ പുലി: നേപ്പാളില്‍ വിമാനത്താവളം അടച്ചു
കാഠ്മണ്ഡു: റണ്‍വേയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. കാഠ്മണ്ഡു ത്രിബുവന്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് പുലിയെ കണ്ടത്. പിന്നീട് പുലി ഓവുചാലിലൊളിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുലിയെ തേടി അരമണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാവിലെ 7.45 ന് പറന്നുയരാന്‍ റണ്‍വേയിലേക്ക് പ്രവേശിച്ച ബുദ്ധ എയറിന്റെ പൈലറ്റാണ് പുലിയെ കണ്ടത്. ടേക്ക് ഓഫിന് പുലി തടസമാകുമെന്ന് പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗത്തെ അറിയിക്കുകയായിരുന്നു. പുലിക്ക് വേണ്ടി വിമാനത്താവളം അടച്ചു പരിശോധന നടത്തി. പുലിയെ കണ്ടെത്താനാകാത്തതിനാല്‍ വിമാനത്താവളം അരമണിക്കൂറിനു ശേഷം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഈ സമയം മറ്റ് സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാരെ കാര്യമായി ബാധിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയതായും വിമാനത്താവള വക്താവ് പ്രേം നാഥ് താക്കൂര്‍ അറിയിച്ചു.
ത്രിബുവന്‍ വിമാനത്താവളത്തിന് ഒരു റണ്‍വേയാണുള്ളത്. വനത്തോട് ചേര്‍ന്നാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. നേരത്തെയും മൃഗങ്ങള്‍ റണ്‍വേയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വ്യോമഗതാഗതം തടസപെട്ടിരുന്നു. 2016ല്‍ ഒന്‍പത് യാത്രക്കാരുള്ള വിമാനം പക്ഷിയെ ഇടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. 2012ല്‍ ടേക് ഓഫിനിടെ പക്ഷി വിമാനത്തിലിടിച്ച് 19 യാത്രക്കാര്‍ മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."