റമദാനില്‍ മതസൗഹാര്‍ദ്ദം നിറഞ്ഞ രാജകാരുണ്യം; ബഹ്‌റൈന്‍ രാജാവ് സൗജന്യമായി അനുവദിച്ച സ്ഥലത്ത് ഏറ്റവും വലിയ ക്രൈസ്തവ ദേവാലയത്തിന് ശിലയിട്ടു
മനാമ: ബഹ്‌റൈനിലുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് വിശുദ്ധ റമദാനില്‍ മതസൗഹാര്‍ദ്ദം നിറഞ്ഞ രാജ കാരുണ്യം.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സൗജന്യമായി അനുവദിച്ച സ്ഥലത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയം പണിയാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയമാണ് ബഹ്‌റൈനിലെ അവാലിയില്‍ പണികഴിപ്പിക്കുന്നത്. ഇതിന്റെ ശിലാസ്ഥാപന ചടങ്ങ് വന്‍ ജനാവലിയെ സാക്ഷിയാക്കി കഴിഞ്ഞ ദിവസം ഇവിടെ നടന്നു.
ഇറ്റാലിയന്‍ കണ്‍സല്‍ട്ടന്റ് മാട്ടിയ ഡെല്‍, ഇസ്മായില്‍ അസോസിയേറ്റ്‌സ് എന്നിവര്‍ കണ്‍സല്‍ട്ടന്റ് ആയി മുഹമ്മദ് ജലാല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയാണ് നിര്‍മ്മാണ ചുമതകള്‍ വഹിക്കുന്നത്. 17 പേരുള്ള സാങ്കേതിക വിദഗ്ധരും മാനേജ്‌മെന്റ് വിദഗ്ധരും അടങ്ങിയ കമ്മിറ്റിയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള മേല്‍നോട്ടം വഹിക്കുന്നത്. 'ഔര്‍ ലേഡി ഓഫ് അറേബ്യ' എന്ന പേരിലുള്ള ദേവാലയത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
പാരിഷ് വികാരിമാരായ റവ. ഫാ. സേവ്യര്‍, സജി തോമസ്, റോവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 110 പേരടങ്ങുന്ന കമ്മിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രവാസി മലയാളികളും സാമൂഹ്യ പ്രവര്‍ത്തകരുമായ അബ്രഹാം ജോണ്‍ വര്‍ഗീസ് കാരയ്ക്കല്‍, ജിക്‌സണ്‍, ഡിക്‌സണ്‍,ബാബു ,ബിനോയ് , റോയ്സ്റ്റന്‍,ടോണി, റെജി, റുയല്‍ കാസ്‌ട്രോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.
ഉത്തര അറേബ്യന്‍ വികാരിയേറ്റിന്റെ വികാര്‍ അപ്പസ്‌തോലിക് ബിഷപ്പ് കാമില്ലോ ബാലിന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അറേബ്യന്‍ ഉപദ്വീപ് സ്ഥാനപതി ഫ്രാന്‍സിസ്‌കോ മൊണ്ടെസില്ലോ പാഡില്ല മുഖ്യാതിഥി ആയിരുന്നു. അവാലി ചര്‍ച്ച് ഗായക സംഘം പ്രാര്‍ഥന ഗാനങ്ങള്‍ ആലപിച്ചു. ശിലാസ്ഥാപന ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ക്കു പുറമെ, ബഹ്‌റൈന്‍ മന്ത്രി സഭാംഗങ്ങള്‍, വിവിധ ഗവര്‍ണറേറ്റ് ഗവര്‍ണര്‍മാര്‍ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."