ജോര്‍ദാന് രണ്ടര ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായവുമായി അറബ് രാജ്യങ്ങള്‍
ജിദ്ദ: സാമ്പത്തിക പ്രതിസന്ധിയിലായ ജോര്‍ദാന് അറബ് രാജ്യങ്ങള്‍ രണ്ടര ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സഊദി, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര ഉച്ചകോടിയിലാണ് പ്രഖ്യാപനം. പ്രഖ്യാപിച്ച തുക ജോര്‍ദാന്‍ സെന്‍ട്രല്‍ ബാങ്കിലേക്ക് ഘട്ടംഘട്ടമായി നല്‍കാനും തീരുമാനമായി.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജോര്‍ദാനെ സഹായിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലാണ് മക്ക സമ്മിറ്റ് നടക്കുന്നത്. നികുതിവര്‍ധന നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജോര്‍ദാനില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ഗള്‍ഫ്‌രാജ്യങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
സല്‍മാന്‍ രാജാവും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. യോഗത്തില്‍ യു.എ.ഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്, സഊദി രാജാവ് സല്‍മാന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമന്‍ എന്നിവരാണ് സംബന്ധിച്ചത്.
ജോര്‍ദാന് അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കി അറബ് ഐക്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മ രൂക്ഷമായ ജോര്‍ദാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ചിരുന്നു. ഇതിനുള്ള പരിഹാരങ്ങളും പിന്തുണയുമാണ് ജോര്‍ദാന്‍ ഉച്ചകോടിയില്‍ കൈമാറിയത്. സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹവും ജോര്‍ദാന്‍ സാമ്പത്തിക മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്.
രാജ്യത്തൊട്ടാകെ പടരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ജോര്‍ദാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ജോര്‍ദാന്‍ ചരിത്രത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി രാജിവയ്ക്കുന്നത് മൂന്നാം തവണയാണ്.
അതേ സമയം ജോര്‍ദാനില്‍ അസ്ഥിരതയുണ്ടാകുന്നത് ഒരു അറബ് നേതാക്കളും ആഗ്രഹിക്കുന്നില്ലെന്ന് ജോര്‍ദാന്‍ പാര്‍ലമെന്റംഗമായ ഖലീല്‍ അതിയ്യ അല്‍ ജസീറയോട് പറഞ്ഞു. 4000 കോടി ഡോളറാണ് ജോര്‍ദാന്റെ കടം. ഓരോ വര്‍ഷവും ജോര്‍ദാന്‍ 120 കോടി ഡോളര്‍ പലിശ ഇനത്തിലും ചെലവഴിക്കുന്നു. ഓരോ ദിവസം കഴിയുംതോറും ജോര്‍ദാന്റെ സാമ്പത്തിക അവസ്ഥ കൂടുതല്‍ പരിതാപകരമാകുകയാണ്.
അതിനിടെ ജോര്‍ദാനിലെ അസ്ഥിരത ഗള്‍ഫിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ മേഖലയിലെ സുഹൃത്ത് കെട്ടുറപ്പും ഐക്യവും തങ്ങള്‍ക്ക് ഏറെ പ്രധാനമാണെന്ന നിലപാടിലാണ് ഗള്‍ഫ് നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."