നാം റമദാനോട് വിട ചൊല്ലുമ്പോള്‍
റമദാനിന്റെ പ്രശോഭിത ദിനങ്ങള്‍ക്ക് മേല്‍ ഇന്ന് തിരശ്ശീല വീഴുകയാണ്. നാളെ ഇന്‍ശാ അല്ലാഹ് ശവ്വാല്‍ ഒന്നാണ്. വിശ്വാസികള്‍ക്ക് ആനന്ദപ്പെരുന്നാള്‍. ഒരുമാസക്കാലത്തെ നിരന്തര പ്രയത്‌നത്തിനൊടുവില്‍ നേടിയെടുത്ത പ്രകാശം കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
കാലം ആരെയും കാത്തുനില്‍ക്കില്ല, അതിങ്ങനെ കടന്നുപോകുന്നു. ദിവസങ്ങള്‍ കൊഴിഞ്ഞുപോവുകയും വര്‍ഷങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു.ലോകാവസാനം വരെ ഈചര്യ തുടര്‍ന്നുകൊണ്ടേയിരിക്കും. റമദാന്‍ നമ്മോട് വിടപറയുകയല്ല, നാം റമദാനോട് വിടപറയുകയാണ്. റമദാന്‍ ലോകാന്ത്യം വരെ വന്ന് കൊണ്ടേ ഇരിക്കും. നാം പക്ഷെ, ഉണ്ടായിക്കൊള്ളണമെന്നില്ല. വിശുദ്ധ മാസത്തെ കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയവര്‍ സൗഭാഗ്യവാന്മാര്‍. റമദാന്‍ നഷ്ടപ്പെട്ടവര്‍ നിര്‍ഭാഗ്യവാന്മാര്‍.
റമദാന്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയോടെ ആയിരുന്നു പൂര്‍വസൂരികള്‍ റമദാനെ യാത്രയാക്കിയിരുന്നത്. അത്യുദാരനായ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കണമെന്നതായിരുന്നു അവരുടെ പ്രാര്‍ഥന. അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും, അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണല്ലോ എന്ന ചിന്ത ഹൃദയത്തില്‍ പുലര്‍ത്തുകയും ചെയ്തവരെന്ന് (മുഅ്മിനൂന്‍ 60) ഖുര്‍ആന്‍ വിശേഷിപ്പിച്ചത് അവരെയായിരുന്നു. ആഇശ(റ) പറയുന്നു. ഞാന്‍ ഈ ആയത്തിനെക്കുറിച്ച് പ്രവാചകരോട് ഇപ്രകാരം ചോദിച്ചു 'മദ്യപിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണോ ആ പറഞ്ഞത്? തിരുമേനി(സ) പറഞ്ഞു 'സിദ്ദീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, നമസ്‌കരിക്കുകയും, ദാനധര്‍മം നടത്തുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരാണ് അവര്‍.
റമദാന്‍ തൊട്ടുടനെയുള്ള ആറ് മാസങ്ങളില്‍ തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു അവര്‍ പ്രാര്‍ഥിച്ചിരുന്നത്. തങ്ങളുടെ സുകൃതങ്ങള്‍ തിരസ്‌കരിക്കപ്പെടുമോ എന്ന് അവര്‍ വല്ലാതെ ആശങ്കിച്ചിരുന്നു. അലി(റ) പറയുന്നു 'നിങ്ങള്‍ കര്‍മത്തേക്കാള്‍, അതിന്റെ സ്വീകാര്യതക്കാണ് മുന്‍ഗണന നല്‍കേണ്ടത്.' കാരണം അല്ലാഹു വിശ്വാസികളില്‍ നിന്ന് മാത്രമെ കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്ന് അരുള്‍ ചെയ്തിരിക്കുന്നു. നാം വിശ്വാസികളില്‍ പെടുന്നു എന്നത് എത്രത്തോളം ശരിയാണെന്ന് നാം ആലോചിക്കണം.
റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പനുഷ്ഠിക്കുന്നത് പ്രവാചകചര്യകളില്‍ പെട്ടതാണ്. പ്രവാചകര്‍ (സ) പറഞ്ഞതായി അബൂഅയ്യൂബില്‍അന്‍സ്വാരി (റ) നിവേദനം ചെയ്യുന്നു, ആരെങ്കിലും റമദാന്‍ മുഴുവനായി നോമ്പെടുക്കുകയും ശേഷം ശവ്വാലിലെ ആറ് ദിവസം അതിനോട് തുടരുകയും ചെയ്താല്‍ കാലം മുഴുവന്‍ നോമ്പെടുത്ത പോലെയായി (ഇമാം മുസ്‌ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, ഇബ്‌നുമാജ). മേല്‍പറഞ്ഞ ഹദീസുകളില്‍നിന്ന് ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് ഏറെ പുണ്യമുള്ളതാണെന്ന് മനസിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."