വിജിലന്‍സ് അന്വേഷണത്തില്‍ കുരുങ്ങി മുന്‍മന്ത്രിസഭയിലെ ഒന്‍പത് മന്ത്രിമാര്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ 9 മന്ത്രിമാര്‍ക്കെതിരേ വിജലന്‍സ് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ഇതില്‍ 6 പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടക്കുന്നത്. മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ നാലു കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും മാണിക്കെതിരേയും കെ. ബാബുവിനെതിരേയും നടക്കുന്ന ബാര്‍ക്കോഴയിലെ അന്വേഷണം മുഖ്യമന്ത്രി രേഖകളില്‍ നിന്ന് ഒഴിവാക്കി.
65 കോടി രൂപയുടെ നികുതി റിക്കവറി ഉത്തരവ് സ്‌റ്റേ ചെയ്ത് ഖജനാവിന് നഷ്ടം വരുത്തിയത് സംബന്ധിച്ചും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ ഡയരക്ടറുടെ നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തിലുമാണ് ഇപ്പോള്‍ കെ.എം മാണിക്കെതിരേ അന്വേഷണം നടക്കുന്നതെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
കൂടാതെ സ്വകാര്യ വ്യവസായിക്ക് നികുതി ഇളവ് നല്‍കിയതു വഴി 1,66,51,551 രുപയുടെ നഷ്ടം വരുത്തിയെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ 2011-16 കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഹോട്ടലുകാര്‍ക്ക് പുതിയ ലൈസന്‍സ് നല്‍കിയത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരേ മൂന്നു കേസുകളിലാണ് അന്വേഷണം നടക്കുന്നത്.
തൃശൂര്‍ കോ-ഓപ്പറേറ്റിവ് ബാങ്കില്‍ ലോണ്‍ അനുവദിക്കുന്നതിലെ അഴിമതി സംബന്ധിച്ചും ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ സപ്ലൈ ഓര്‍ഡര്‍ നല്‍കിയതു സംബന്ധിച്ചും കണ്‍സ്യൂമര്‍ ഫെഡിലെ വിദേശ മദ്യ വില്‍പനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനെതിരേ അനധികൃത സ്വത്തു സമ്പാദനം, ബിനാമി പേരില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം എന്നിവയിലും മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരേയും മുന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ 127.85 ഏക്കര്‍ നെല്‍വയല്‍ ഉള്‍പ്പെട്ട കൃഷി സ്ഥലം അനധികൃതമായി ദാനം ചെയ്തതിലും മുന്‍ കൃഷി മന്ത്രി കെ.പി മോഹനനെതിരേ കേരള സബോര്‍ഡിനേറ്റ് റൂള്‍ അവഗണിച്ച് ഫീല്‍ഡ് അസിസ്റ്റന്റുമാരെ നിയമിച്ചതും കേരള സ്‌റ്റേറ്റ് വെയര്‍ ഹൗസിങ്ങ് കോര്‍പറേഷനില്‍ എം.ഡി നിയമനത്തിലെ ക്രമക്കേടിനും മുന്‍ സാമൂഹ്യ ക്ഷേമ മന്ത്രി എം.കെ മുനീറിനെതിരേയും ബാലാവകാശ കമ്മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും ബിഷപ്പ് യേശുദാസന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് അനുമതി നല്‍കിയതിലെ ക്രമക്കേടിനും മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ റബ്ബിനുമെതിരേയുമാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."