പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കാലതാമസം ഒഴിവാകുന്നു
മുക്കം: കാലതാമസം ഒഴിവാക്കി പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഇ-വി.ഐ.പി ( ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട്) സംവിധാനം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഒരു മാസത്തിനകം ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പൊലിസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഇപ്പോള്‍ 20 ദിവസം മുതല്‍ ഒരു മാസംവരെ സമയമെടുക്കുന്നുണ്ട്. എന്നാല്‍ കടലാസ് രഹിത ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഇത് നാല് മുതല്‍ അഞ്ചു ദിവസമായി കുറയ്ക്കാന്‍ ഇ-വി.ഐ.പി ആപ്ലിക്കേഷനിലൂടെ സാധിക്കും.
പൈലറ്റ് അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. വിജയമാണെന്ന് കണ്ട് കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, തൃശൂര്‍ റൂറല്‍, എറണാകുളം റൂറല്‍ എന്നീ അഞ്ച് പൊലിസ് ജില്ലകളിലേക്ക് കൂടി ഇ-വി.ഐ.പി സംവിധാനം വ്യാപിപ്പിച്ചിരുന്നു. ഇതും വിജയമായതോടെയാണ് ഒരു മാസത്തിനകം മറ്റ് പൊലിസ് ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പുതിയ സംവിധാനത്തില്‍ അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങള്‍ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലേക്ക് വെബ് ആപ്ലിക്കേഷന്‍ വഴി അയച്ച് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ടോ എന്ന് പരിശോധിക്കും.
തുടര്‍ന്ന് ഡിജിറ്റലായി ഈ ഫയല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍ക്ക് മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍ വഴി നല്‍കും. ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഡിജിറ്റലായി തന്നെ വിവരങ്ങള്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് നല്‍കും.
തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇതിനായുള്ള വെബ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും.
നാലോ, അഞ്ചോ ദിവസമാണ് വെരിഫിക്കേഷന്‍ നടത്താന്‍ വേണ്ടിവരുന്നതെങ്കിലും സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇനിയും ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ സാധ്യതകളും പൊലിസ് പരിശോധിക്കുന്നുണ്ട്.
സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുവാന്‍ മലപ്പുറം, പാലക്കാട് ജില്ലാ പൊലിസ് മേധാവികളെയും ആവശ്യമായ ഫണ്ട് ലഭ്യമാക്കുവാന്‍ ഹെഡ്ക്വാട്ടേഴ്‌സ് എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവരേയും സംസ്ഥാന പൊലിസ് മേധാവി ചുമതലപ്പെടുത്തിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."