പ്രൊഫ. അഹമ്മദ്കുട്ടി ശിവപുരം അന്തരിച്ചു
കോഴിക്കോട്: ഇസ്‌ലാമിക പണ്ഡിതനും സൂഫി ചിന്തകനും എഴുത്തുകാരുനുമായ പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം(71) അന്തരിച്ചു. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത ശിവപുരത്തെ വസതിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കോളജുകളില്‍ അറബി അധ്യാപകനായി ജോലി ചെയ്ത ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ചിറ്റൂര്‍ ഗവ. കോളജ്, കൊയിലാണ്ടി ഗവ. കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇംഗ്ലിഷിലും അറബിയിലും ഒരുപോലെ പണ്ഡിതനായിരുന്നു. ശുദ്ധമായ ഭാഷയില്‍ ഇസ്‌ലാമിക ചരിത്രവും സൂഫിസവും തത്വശാസ്ത്രവും സൂക്ഷമമായി വിലയിരുത്തുന്ന ശിവപുരത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മലയാളത്തില്‍ എറെ വായനക്കാരുണ്ട്.
ഫാറൂഖ് കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം അവിടെ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പലായിരുന്ന വി. മുഹമ്മദിന്റെ അറബി ക്ലാസില്‍ ആകൃഷ്ടനായാണ് അദ്ദേഹം ബിരുദത്തിന് ശേഷം അറബി പഠിച്ചത്. ഇസ്മാമിക സൂഫി ചിന്തയില്‍ ആകൃഷ്ടനായ അഹമ്മദ്കുട്ടി ശിവപുരം കേരളത്തിലെ മിക്ക ആനുകാലികങ്ങളിലും സൂഫിസവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതിയിരുന്നു. ശബാബില്‍ അഹമ്മദ്കുട്ടി ശിവപുരം എഴുതിയ സൂഫിസത്തെ കുറിച്ചുള്ള ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്‍ ഇര്‍ഫാദ് മാസികയില്‍ എഴുതിയ 'സൂഫിസം; ഇസ്‌ലാമിന്റെ അന്തര്‍ധാര' എന്ന ലേഖന പരമ്പരക്കു വലിയ വായനക്കാരുണ്ടായിരുന്നു. 'ബിലാലിന്റെ ഓര്‍മകള്‍' എന്ന ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണ അധ്യായത്തെ ചിത്രീകരിക്കുന്ന ഗ്രന്ഥം ഏറെ വായിക്കപ്പെട്ടിട്ടുണ്ട്. സംസം കഥ പറയുന്നു, അതിരുകള്‍ അറിയാത്ത പക്ഷി, മക്കയില്‍നിന്ന് വന്നവര്‍, കഅ്ബയുടെ വിളി, ഒന്നിന്റെ ലോകത്തേക്ക്, അറഫാ പ്രഭാഷണം, വചനപ്പൊരുള്‍, വിദ്യാരംഭം, ഒരു കല്ലിന്റെ കണ്ണുനീര്‍, ചരിത്രത്തിന്റെ ഇസ്‌ലാമിക അനുഭവം, അബ്രഹാമികം (കവിതകള്‍), മുഹമ്മദ് നബി(സ) പാഠവും പാഠമുദ്രയും എന്നിവയാണ് രചനകള്‍. 2003ല്‍ കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നാണ് വിരമിച്ചത്. ഇംഗ്ലീഷില്‍ അഹമ്മദ് മുഹമ്മദി എന്ന പേരില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: നന്മനാ ബീവി. മക്കള്‍: ഇബ്രാഹീം തൗഫീക്കുല്‍ ഹക്കീം(ഖത്തര്‍), പരേതയായ ഖദീജ ബസ്മലത്ത്, ആയിഷ മിന്നത്തുല്‍ ഹാദി, ഫാത്തിമ ഹന്നാ ഹഗാര്‍ (പ്രിന്‍സിപ്പല്‍ സി.എം.എം തലക്കുളത്തൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."