മദ്യശാലകള്‍ മാറ്റി സ്ഥാപിക്കല്‍; പ്രതിഷേധം ശക്തമാകുന്നു
കൊടുങ്ങല്ലൂര്‍: എരിശ്ശേരിപ്പാലത്ത് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് മദ്യവില്‍പനശാല തുറന്നു. പൊലിസ് കാവലിലാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാല പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഏറെ നേരം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥക്കൊടുവില്‍ സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത ശേഷം പൊലിസ് കാവലില്‍ മദ്യശാല തുറന്ന് വില്‍പനയാരംഭിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ഐക്കരപ്പറമ്പ് വാര്‍ഡില്‍ ഉള്‍പ്പെട്ട എരിശേരിപ്പാലം പ്രദേശത്ത് ജനവാസ കേന്ദ്രത്തിലാണ് മദ്യവില്‍പനശാല പ്രവര്‍ത്തനം തുടങ്ങിയത്. കല്യാണ ഹാളായിരുന്ന കെട്ടിടം മദ്യവില്‍പനശാലയാക്കി മാറ്റുകയായിരുന്നു.
പ്രദേശത്ത് മദ്യശാല തുറക്കുമെന്ന സൂചനയെ തുടര്‍ന്ന് ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ രാപകല്‍ ഭേദമില്ലതെ സമരം നടത്തിവരികയായിരുന്നു. ഇതിനിടെ നിയമ പ്രകാരമുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ മദ്യശാല തുറക്കാന്‍ പൊലിസിന്റെ സഹായം തേടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍, എസ്.ഐ ഇ.ആര്‍ ബൈജു, മതിലകം എസ്.ഐ സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം പന്ത്രണ്ട് മണിയോടെ സ്ഥലത്തെത്തി. മദ്യശാല തുറക്കുമെന്ന സൂചനയെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ ജൈത്രന്‍, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, മുന്‍ കൗണ്‍സിലര്‍ പി.ജി നൈജി, ജനാര്‍ദ്ദനന്‍, കെ.പി സുനില്‍കുമാര്‍, റൂവിന്‍ വിശ്വം എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സമയം പൊലിസ് സമരക്കാര്‍ക്ക് നല്‍കിയെങ്കിലും അവര്‍ പിന്‍മാറിയില്ല. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
പിന്നീട് ലോറിയിലെത്തിച്ച മദ്യം ഇറക്കി വില്‍പനയരംഭിച്ചു. സമരം കാണാനെന്ന വ്യാജേന എത്തിയവര്‍ പലരും മദ്യം വാങ്ങിയാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."