കവളപ്പാറ ആര്യങ്കാവ് പൂരം കെങ്കേമമാക്കി
ഷൊര്‍ണ്ണൂര്‍: തട്ടകദേശങ്ങളില്‍ നിന്ന് അലങ്കാരത്തോടു കൂടിയ പൊയ്കുതിരകളും ഇണക്കാളകളുമായെത്തിയ ദേശവേലകള്‍ വാനോളം ഉയര്‍ത്തി കവളപ്പാറ ആര്യങ്കാവ് പൂരം കെങ്കേമമായി. മീനച്ചൂടിനെ വക വെക്കാതെ തട്ടകങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയത്. ആറുമണിയോടെ നൂറ്റി ഒന്ന് കതിന വെടി പൊട്ടിയതോടെ പകല്‍പ്പൂരത്തിന് തുടക്കമായി. പതിനൊന്നോടെ തിരുവാഭരണം ചാര്‍ത്തി. ഉച്ചയ്ക്ക് രണ്ടിന് മുണ്ടായ കുതിരയെ എതിരേറ്റു. തുടര്‍ന്ന് കുതിരകളെ തൊഴുകിച്ച് കയറ്റി രണ്ടരയോടെ എറുപ്പെ ക്ഷേത്രത്തില്‍ നിന്ന് പഞ്ചവാദ്യം ആരംഭിച്ചു. കവളപ്പാറ, കാരക്കാട് ദേശക്കാരുടെ കുതിരകള്‍ കളിച്ച് തൊഴുത് കയറി. ക്രമത്തില്‍ കൂനത്തറ, കൂനത്തറ വടക്കുമുറി, ചെറുകാട്ടുപുലം എന്നി കുതിരകളും കളിച്ച് കയറി. മൂന്നു കോമരങ്ങളുടെ സാന്നിധ്യത്തില്‍ ഏക പെണ്‍കുതിരയായ മുണ്ടായകുതിരയെ താലപ്പൊലി, മേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് വരവേറ്റു തൊഴുത് കയറി . തുടര്‍ന്ന് ഇണക്കാളകളുടെ വരവായി.
ഇണക്കാളകള്‍ മടങ്ങിയതോടെ വെടിമരുന്നു പ്രയോഗത്തോടെ പകല്‍ പൂരത്തിന് സമാപനമായി. നാദസ്വരത്തോടെ രാത്രി പൂരത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് തായമ്പക നടന്നു. കൂത്ത് മാടത്തില്‍ തോല്‍ പാവക്കൂത്ത് തുടങ്ങി ഒപ്പം എറുപ്പെ ക്ഷേത്രത്തില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വേല ക്ഷേത്രത്തിലേക്ക് കയറി കൂത്ത് മാടത്തില്‍ കൂത്ത് കഴിഞ്ഞതോടെ വര്‍ണ്ണശബളമായ കമ്പം കത്തിക്കല്‍ നടന്നു. തുടര്‍ന്ന് വെടിക്കെട്ടും ഇതോടെ പൂരത്തിന് സമാപനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."