അനധികൃത പാര്‍ക്കിങ്; തിരുവമ്പാടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
തിരുവമ്പാടി: അനധികൃത പാര്‍ക്കിങ് മൂലം തിരുവമ്പാടി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ടൗണില്‍ പലഭാഗത്തും പാര്‍ക്കിങ് പാടില്ലെന്ന ബോര്‍ഡുകള്‍ ഉണ്ടെങ്കിലും ഫലം ചെയ്യുന്നില്ല. ടൗണ്‍ നവീകരണത്തിനുശേഷം റോഡ് വീതി കൂടിയെങ്കിലും റോഡിനിരുവശവും വണ്ടികള്‍ പാര്‍ക്ക് ചെയ്യുകയാണ്. കുരിശുപള്ളി ജങ്ഷനില്‍നിന്ന് ചര്‍ച്ച് റോഡിലേക്കും ബസ് സ്റ്റാന്‍ഡിലേക്കുമുള്ള വഴികളിലാണ് അനധികൃത പാര്‍ക്കിങ് കൂടുതല്‍. ഇവിടങ്ങളില്‍ രണ്ടു വശവും പാര്‍ക്ക് ചെയ്യുന്നതോടുകൂടി മറ്റു വണ്ടികള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്.
തിരുവമ്പാടി ബസ് സ്റ്റാന്‍ഡില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ രണ്ടു സ്ഥലത്തായി ഉണ്ടെങ്കിലും ഈ ബോര്‍ഡുകള്‍ക്ക് താഴെ തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇതുകാരണം ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറാനും ഇറങ്ങാനും പാടുപെടുന്നു. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറിയിറങ്ങുന്നതിന് ഏകീകരണം ഇല്ലാത്തതും തിരുവമ്പാടിയിലെ മറ്റൊരു പ്രശ്‌നമാണ്. സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ വ്യത്യസ്ത വഴിയിലൂടെയാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതും ഇറങ്ങുന്നതും. ബസുകള്‍ ഏത് വഴിയിലൂടെ വരുമെന്നോ പോകുമെന്നോ പാര്‍ക്ക് ചെയ്യുമെന്നോ യാത്രക്കാര്‍ക്ക് മാത്രമല്ല ബസ് ജീവനക്കാര്‍ക്ക് പോലും നിശ്ചയമില്ല. ഇതുകാരണം ബസ് യാത്രക്കാര്‍ ബസിനു പിന്നാലെ ഓടുന്നതും പതിവുകാഴ്ചയാണ്. ബസില്‍നിന്ന് ഇറങ്ങിയ യാത്രക്കാരിയുടെ കയ്യിലൂടെ ബസ് കയറിയ സംഭവം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്. മണിക്കൂറുകള്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നതും നിത്യസംഭവമാണ്. സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. അനധികൃത പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലിസ് എയ്ഡ് പോസ്റ്റില്‍ ആളെ നിയമിക്കണമെന്ന് പൊലിസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരുമായി ഉടന്‍തന്നെ ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."