പൊതുകുളം കൈയേറിയതായി പരാതി; പഞ്ചായത്ത് സംഘം പരിശോധിച്ചു
തിരൂരങ്ങാടി: പൊതുസ്ഥലം കൈയേറിയെന്ന പരാതിയില്‍ പഞ്ചായത്ത് സംഘമെത്തി പരിശോധന നടത്തി. സി.പി.എം നേതാവ് നന്നമ്പ്ര തെയ്യാല സ്വദേശി പി.കെ മുഹമ്മദ് കുട്ടിക്കെതിരെയാണ് നന്നമ്പ്ര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വലിയ ജല സ്രോതസായിരുന്ന കുന്നത്ത് പൊതുകുളം കൈയേറിയതായി പരാതിയുള്ളത്. നന്നമ്പ്ര എസ്.എം.യു.പി സ്‌കൂള്‍ പരിസരത്തെ ഇദ്ദേഹത്തിന്റെ വീടിനുസമീപത്തെ 14 സെന്റ് പൊതുകുളമാണ് കൈയേറിയതായി ആക്ഷേപമുയര്‍ന്നത്.
നന്നമ്പ്ര പഞ്ചായത്തിലെ 11, 12, 15 വാര്‍ഡുകളിലെ അന്‍പതോളം പേര്‍ ഒപ്പിട്ട പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി യു. പിതാംബരന്‍, പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയത്. രണ്ടുമീറ്ററോളം ഉയരത്തില്‍ ഭിത്തി കെട്ടിയതിനാല്‍ പ്രദേശത്തെത്തിയ സംഘത്തിന് കുളം കാണാന്‍ സാധിച്ചില്ല. പരിസരവാസികളില്‍ നിന്നാണ് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
നന്നമ്പ്ര വില്ലേജില്‍ നന്നമ്പ്ര അംശം 3733 സര്‍വേ നമ്പറിലുള്ള 14 സെന്റ് പൊതുകുളമാണെന്നും കുളത്തിന് രൂപ മാറ്റം വരുത്തുകയും കുളത്തിലേക്കുള്ള വഴിയും കുളിക്കടവും അടച്ചിരിക്കുകയുമാണെന്നും സാംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മണത്തിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നതായും, അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് നിര്‍മിച്ചതെന്നും പരിസരവാസികള്‍ പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കുമെന്നും പൊതുകുളം സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇത് തന്റെ ഭൂമിയാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും പി.കെ മുഹമ്മദ് കുട്ടി പറഞ്ഞു. ഈര്‍പ്പായി സൈതലവി, പി. ചന്ദ്രന്‍, കെ. സൈതലവി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."