കാലവര്‍ഷം കനത്തു; കരകവിഞ്ഞ് പുഴയും തോടും
നിറഞ്ഞുകവിയാന്‍ വെമ്പി കബനി; ചെറുപുഴ നിറഞ്ഞൊഴുകി
പനമരം: തോരാതെ പെയ്യുന്ന മഴയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പനമരം കബനി പുഴ നിറഞ്ഞൊഴുകുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുഴയില്‍ ഇത്രത്തോളം ജലനിരപ്പ് ഉയര്‍ന്നത്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ കബനിയുടെ കൈവരിയായ ചെറുപുഴ കരകവിഞ്ഞൊഴുകി പല താഴ്ന്ന പ്രദേശങ്ങളിലും ഇതിനകം വെള്ളം കയറിയിട്ടുണ്ട്.
കബനി കരകവിയുന്നതോടെ പനമരം പഞ്ചായത്തിലെ ചങ്ങാടകടവ്, കിഞ്ഞുക്കടവ്, മാത്തൂര്‍ പണിയ കോളനി എന്നിവ വെള്ളത്തിലാകും. കിഞ്ഞുകടവ് പ്രദേശത്തെ റോഡരികിലെ വീടുകള്‍ കബനി പഴയുടെ ഓരങ്ങളിലാണുള്ളത്. വെള്ളം റോഡിലേക്ക് എത്തുന്നതോടെ ഗതാഗതവും തടസപ്പെടും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക് പ്രദേശത്ത് നാശനഷ്ടമുണ്ടായിരുന്നു. ഇതേ സ്ഥിതിയാണ് ചങ്ങാടക്കടവ് പ്രദേശത്തുകാര്‍ക്കും. മാത്തൂര്‍ ഭാഗത്ത് പണിയ കോളനിയില്‍ 20തോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്നത്. കാലവര്‍ഷം കനത്തതോടെ കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോള്‍ പനമരത്ത് ആശ്വാസ കേന്ദ്രം ഇല്ലന്നുള്ളതാണ് ഏറെ പ്രയാസം നേരിടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച പഴയ ആശ്വാസ കേന്ദ്രം പോളിച്ച് മാറ്റിയതോടെ പുതുക്കി പണിയാനുള്ള സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ഒഴിഞ്ഞ് വരുന്നവരെ താമസിപ്പിക്കാന്‍ ഗവ. ഹൈസ്‌കൂള്‍ കെട്ടിടമാണ് ഏക ആശ്രയം.
നിറഞ്ഞൊഴുകി മാടക്കര തോട്
മാടക്കര: മഴ ശക്തമായതോടെ നെന്മേനി പഞ്ചായത്തിലെ മാടക്കരത്തോട് നിറഞ്ഞ് കവിഞ്ഞു. ഇതോടെ സമീപത്തെ നെല്‍വയലുകള്‍ വെള്ളക്കെട്ടുകളായി. തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച് മാടക്കര, നമ്പിക്കൊല്ലി, കല്ലൂര്‍, കര്‍ണാടക വനത്തിലൂടെ ഒഴുകി കബനിയില്‍ ചെന്നുചേരുന്ന തോടാണിത്. വര്‍ഷാവര്‍ഷം കാലവര്‍ഷം തുടങ്ങിയാല്‍ നിറഞ്ഞുകവിയാറുള്ള തോട് ഇത്തവണ നേരത്തെ നിറഞ്ഞത് ചെറിയതോതില്‍ ആശങ്കക്കിടയാക്കുന്നുണ്ട്. മഴ ഇനിയും ശക്തമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം വ്യാപിക്കാനിടയാകും. നിരവധി പേര്‍ ആശ്രയിക്കുന്ന മാടക്കര-ചീരാല്‍ റോഡിലെ ദ്രവിച്ച പാലം അപകടാവസ്ഥയിലാകുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. തോടിനെ കുറിച്ച് ധാരണയുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കുന്നത് കൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."