മുത്തലിബ്: കാസര്‍കോടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ പത്രപ്രവര്‍ത്തകന്‍
കാസര്‍കോട്: ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട 'സുപ്രഭാതം' കുമ്പള ലേഖകന്‍ മുത്തലിബ്. ഉറ്റ സുഹൃത്തിന്റെ ആകസ്മിക വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണു മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും. മികച്ച വാര്‍ത്തകള്‍ തേടി എത്രദൂരം യാത്ര ചെയ്യാനും മടിയില്ലാത്ത പത്രപ്രവര്‍ത്തകനായിരുന്നു മുത്തലിബ്. മറ്റുള്ളവര്‍ അറിയും മുന്‍പേ വാര്‍ത്തകള്‍ മണത്തറിയാനുള്ള കഴിവും അധികാരികളുമായി ബന്ധപ്പെട്ട് വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കാനും അത് ക്രിയാത്മകമായി എഴുതി ഫലിപ്പിക്കാനുമുള്ള പ്രായോഗിക അറിവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 20 വര്‍ഷത്തിലേറേയുള്ള പത്രപ്രവര്‍ത്തനത്തിലൂടെ ഇരുളടഞ്ഞു പോയേക്കാമായിരുന്നു പാവപ്പെട്ടവരുടെ നേര്‍ചിത്രങ്ങള്‍ വാര്‍ത്തയാക്കി അവര്‍ക്ക് അര്‍ഹതപ്പെട്ട സഹായം എത്തിക്കുന്നതില്‍ ഇദ്ദേഹം കാണിച്ച പ്രയത്‌നം ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നും ചര്‍ച്ചയായിരുന്നു. പല ദിവസങ്ങളിലും അതിരാവിലെ മുതല്‍ ആരംഭിക്കുന്ന വാര്‍ത്ത തേടിയുള്ള യാത്ര രാത്രി വൈകും വരെ തുടരും. അത്തരത്തില്‍ ഒരു വാര്‍ത്ത തേടിയുള്ള യാത്രയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണു കഴിഞ്ഞ ദിവസം മുത്തലിബിനെ മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. 'സുപ്രഭാതം' ദിനപത്രത്തിന്റെ കുമ്പള റിപ്പോര്‍ട്ടറായിരുന്നുവെങ്കിലും വടക്കന്‍ കാസര്‍കോടിന്റെ സ്പന്ദനങ്ങള്‍ ഇദ്ദേഹം അറിയാതെ പോകില്ലായിരുന്നു.
കുമ്പള റിപ്പോര്‍ട്ടര്‍ എന്നതിലുപരി എവിടെ എന്തു വാര്‍ത്തയുണ്ടെങ്കിലും അത് 'സുപ്രഭാത'ത്തിനു നഷ്ടമായിപോകരുതെന്ന വാശിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. വികസന മുരടിപ്പിനെതിരേയും ഇദ്ദേഹം തൂലിക ചലിപ്പിച്ചിരുന്നു. ആശുപത്രി, പൊലിസ് സ്റ്റേഷന്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ മുഖം എല്ലാവര്‍ക്കും പരിചിതമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എല്ലാ ഒത്തുകൂടലിലും സജീവമാകാറുള്ള ഇദ്ദേഹത്തിന്റെ നര്‍മം എല്ലാവരെയും ഏറെചിരിപ്പിക്കുന്നതായിരുന്നു. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നാട്ടിലെ കൂട്ടായ്മക്കും സമയം കണ്ടെത്തിയിരുന്ന മുത്തലിബ് നുസ്രത്ത് ചൗക്കി ക്ലബിന്റെ പ്രസിഡന്റായി ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച കാസര്‍കോട് പ്രസ് ക്ലബില്‍ 'സുപ്രഭാതം' കണ്ണൂര്‍ യൂനിറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ഇസെഡ്.എം മുഹമ്മദ് ശരീഫ്, പരസ്യ വിഭാഗം മാനേജര്‍ ഇര്‍ഷാദ് അലി, കണ്ണൂര്‍ സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് എം.കെ അബ്ദുല്‍ റൗഫ്, കാസര്‍കോട് സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് മൊയ്തു ചെര്‍ക്കള, റിപ്പോര്‍ട്ടര്‍മാരായ വി.കെ പ്രദീപ്, ഹമീദ് കുണിയ, അശോകന്‍ നീര്‍ച്ചാല്‍ സംബന്ധിച്ചു.
അനുശോചന യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. സെക്രട്ടറി രവിന്ദ്രന്‍ രാവണേശ്വരം, ടി.എ ഷാഫി, വിനോദ് പായം, ആലൂര്‍ അബദുല്‍ റഹ്മാന്‍, എ.പി വിനോദ്, കണ്ണാലയം നാരായണന്‍, വി.വി പ്രഭാകരന്‍, എസ് രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."