രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യം ശക്തം
മാനന്തവാടി: കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് അന്തര്‍സന്ത, ബാവലി വരെയെത്തുന്ന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. കര്‍ണാടക സര്‍ക്കാര്‍ ബാവലി, മൈസൂരു, കനിയാല്‍, തുംങ്കുര, കോട്ടഗരെ റോഡിനെ സ്റ്റേറ്റ് ഹൈവേ 33 ആയി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
നാഷനല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് അനുവദിച്ച 518 കോടി രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. ബാവലിയില്‍ നിന്നുള്ള ഹൈവേ രാജിവ് ഗാന്ധി നാഷനല്‍ പാര്‍ക്കിലെ വെള്ളയില്‍ വനമേഖലയില്‍ നിന്ന് വഴിതിരിച്ച് കാരാപ്പുര്‍, ഹോളലു, ഹൊസ വഴിയാണ് അന്തര്‍സന്തയെത്തുന്നത്. വനമേഖലയില്‍ ഒറ്റവരിയും ഹാന്‍ പോസ്റ്റ് മുതല്‍ മൈസൂരു വരെ രണ്ട് വരി പാതയും അവിടെ നിന്ന് കോട്ടഗരെ ബാംഗ്ലൂരു വരെ നാല് വരി പാതയുമാണ്. ഹൈദരാബാദിലെ ദിലിപ്പ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണത്തിന്റെ ചുമതല.കേരളത്തിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തിയായ മാനന്തവാടി ബാവലി വരെയും സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, മുലഹള്ള വരെയും ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്. മാനന്തവാടിയില്‍ നിന്ന് ബാവലി വഴി മൈസൂരു റോഡില്‍ 15 കി.മീറ്റര്‍ മാത്രമാണ് വനത്തില്‍ പെടുന്നത്.
ബാവലിയിലും വെള്ളയിലും 15 കി.മീറ്റര്‍ ദൂരത്തില്‍ വനം വകുപ്പിന്റെ രണ്ട് ചെക്ക് പോസ്റ്റുകളും ഉണ്ട്. വനം എറ്റവും കുറഞ്ഞ റോഡ് എന്ന നിലയില്‍ മൈസൂരു ഹാന്‍ഡ് പോസ്റ്റ് മാനന്തവാടി റോഡിലെ രാത്രി യാത്രാ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ്. ആവശ്യം ഉന്നയിച്ച് കര്‍ണാക മുഖ്യമന്ത്രിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും നിവേദനങ്ങളും നല്‍കിയിട്ടുണ്ട്. മൈസൂരു, ഹാന്‍ഡ് പോസ്റ്റ്, അന്തര്‍സന്ത, ബാവലി റോഡില്‍ വെള്ള മുതല്‍ മച്ചുര്‍ വരെയുള്ള ഭാഗത്ത് 10 കി.മീറ്റര്‍ മാത്രമാണ് വനമേഖലയുള്ളത്.
മച്ചുര്‍, ബൈരക്കുപ്പ, ബാവലി, കര്‍ണാടക സംസ്ഥാനത്തില്‍പ്പെട്ട ജനവാസകേന്ദ്രമായ ഇവിടെ ബൈരക്കുപ്പ പഞ്ചായത്തുമുണ്ട്. ഇവര്‍ക്ക് രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ താലൂക്ക്, ജില്ലാ ആസ്ഥാനത്ത് എത്തിപ്പെടാന്‍ ഏറെ ദുരിതമാണ്. വനമേഖലയില്‍ റോഡ് വീതി കൂട്ടി നിര്‍മിച്ചത് കേരളത്തിന് അനുകുലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷക്ക് ഏറെ വക നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."