ജിഷ വധക്കേസ്: പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് അമീറുമായി കൂടിക്കാഴ്ച നടത്തും
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുമായി പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പി.രാജന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിനും അഞ്ചിനുമിടയിലാണ് കോടതി അനുമതിയോടെ കാക്കനാട്ടെ ജില്ലാ ജയിലില്‍ കൂടിക്കാഴ്ച നടത്തുക.
ജൂണ്‍ 30ന് റിമാന്‍ഡ് കാലാവധി കഴിഞ്ഞു പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ പ്രതി കുറ്റം ചെയ്തുവെന്നു തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന വാദവും ചില മുതിര്‍ന്ന അഭിഭാഷകര്‍ ഉയര്‍ത്തുന്നുണ്ട്. കൊല ചെയ്തതിനു ശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ട വീട്ടമ്മയുടെ മൊഴിയിലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായി എന്നുപറയുന്ന സുഹൃത്ത് അനാറിനെ കണ്ടെത്താനും ഇതുവരെ പൊലിസിനു കഴിഞ്ഞിട്ടില്ല. സംഭവദിവസം അനാറിന്റെ ഫോണ്‍ പെരുമ്പാവൂര്‍ മൊബൈല്‍ ടവറിന്റെ പരിധിയിലില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അനാര്‍ അസമിലായിരുന്നെന്നാണ് ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നത്. അതേസമയം അനാറിന്റെ ഫോട്ടോ അന്വേഷണസംഘത്തിനു ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായുള്ള തിരിച്ചറിയല്‍ കാര്‍ഡിനായി പെരുമ്പാവൂര്‍ പൊലിസ് സ്റ്റേഷനില്‍ അനാര്‍ സമര്‍പ്പിച്ച ഫോട്ടോയാണ് അന്വേഷണസംഘം കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."