ജപ്പാന്‍ പദ്ധതി: കടലുണ്ടിയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു
ഫറോക്ക്: കൊടുംവരള്‍ച്ചയില്‍ ആശ്വാസം പകര്‍ന്ന് കടലുണ്ടിയില്‍ ജപ്പാന്‍ പദ്ധതി പ്രകാരം കുടിവെള്ള വിതരണം ആരംഭിച്ചു. കൈതവളപ്പ്, ഒറ്റത്തെങ്ങ് മേഖല, പിലക്കാട്ട്, മാട്ടത്ത്, ചെറുതിരുത്തി, ലെവല്‍ ക്രോസ്, മാട്ടുമ്മല്‍ റോഡ്, എടച്ചിറ എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുടിവെള്ള വിതരണം തുടങ്ങിയത്.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനായുള്ള പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. ഇന്നലെ രാവിലെ കടലുണ്ടി റോഡിലെ പേടിയാട്ടുകുന്നിലെ പഴയ ജലസംഭരണിക്കു സമീപം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ വാള്‍വ് തുറന്നു കൊടുത്താണ് കടലുണ്ടിയില്‍ ജപ്പാന്‍ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ചത്.
പൂച്ചേരിക്കുന്നിലെ 50 ലക്ഷം ലിറ്റര്‍ ജലസംഭരണിയില്‍ നിന്നു വെള്ളം പേടിയാട്ടുകുന്നിലെ ചെറുസംഭരണിയില്‍ കയറുന്നത് തടഞ്ഞ ശേഷമാണ് നേരിട്ടു വിവിധ കേന്ദ്രങ്ങളിലേക്കു കടത്തിവിടുന്നത്. ജല അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജി. ടി. സുരേഷബാബു, കടലുണ്ടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍, മെമ്പര്‍ സി. രമേശന്‍, പി. ശശി, വെന്മണി ഹരിദാസ് ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ ചാര്‍ജ് ചെയ്തതില്‍ നേരത്തെ ഗാര്‍ഹിക കണക്ഷന്‍ അനുവദിച്ച ഇരുനൂറോളം കുടുംബങ്ങള്‍ക്കൊപ്പം പൊതുടാപ്പുകളിലുമാണ് വെള്ളമെത്തുന്നത്. നാലു ഭാഗവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട ചെറുത്തിരുത്തി വാസികള്‍ക്ക് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ കുടിവെള്ളം ലഭിച്ചത് വലിയ ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."