ക്ഷമ നശിച്ച് കുടിയന്‍മാര്‍; സ്‌പെഷല്‍ ഡ്രൈവുമായി എക്‌സൈസ്
കോഴിക്കോട്: മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മറ്റുവഴികള്‍ തേടാനുള്ള മദ്യപരുടെ നീക്കങ്ങളെ ചെറുക്കാന്‍ എക്‌സൈസ് സംഘം ശ്രമം തുടങ്ങി. ബിവറേജസ് കോര്‍പറേഷന്റെയും സിവില്‍ സപ്ലൈസിന്റെയും കീഴിലുള്ള നാല് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മിക്ക ബാറുകളും അടച്ചുപൂട്ടിയതോടെ മദ്യപിക്കാന്‍വേണ്ടി കുടിയന്‍മാര്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് അനധികൃത മദ്യനിര്‍മാണമുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ തടയുന്നതിനു വേണ്ടി എക്‌സൈസ് സംഘം സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചത്.
പൊലിസ്, വനം വകുപ്പ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. കടല്‍ മാര്‍ഗം ലഹരി ഉല്‍പന്നങ്ങള്‍ കടത്താന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളിലും പരിശോധന കര്‍ശനമാക്കുന്നുണ്ട്. അബ്കാരി കേസുകളില്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കും. മുന്‍ വര്‍ഷങ്ങളില്‍ വ്യാപകമായി വ്യാജവാറ്റ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. വ്യാജമദ്യ ദുരന്തമുള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ മുന്നില്‍ക്കണ്ട് ഈ മാസം 20 വരെ ഊര്‍ജ്ജ്വസ്വലമായ പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിസവം എക്‌സൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് ജില്ലയിലെ 11 ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മൂന്നെണ്ണം ഒഴികെയുള്ളവ അടച്ചു പൂട്ടിയിരുന്നു. പിന്നീട് അരയിടത്തുപാലത്തിന് സമീപത്തേക്ക് ഒരു ഷോപ്പ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. മറ്റുള്ളവയും ദൂരപരിധി പാലിച്ചു കൊണ്ട് തുറക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും കെട്ടിടങ്ങള്‍ക്ക് നമ്പറും പെര്‍മിറ്റും ലഭിക്കാത്തതും പ്രാദേശികമായി ഉണ്ടാകുന്ന എതിര്‍പ്പും വിലങ്ങുതടിയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."