തളാപ്പില്‍ ബി.ജെ.പി നേതാവിനെ വെട്ടിയ കേസ് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: തളാപ്പ് ഭജനമുക്കില്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുശീല്‍കുമാറടക്കം മൂന്നുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. പയ്യാമ്പലം പഞ്ഞിക്കീല്‍ സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് ചാലാട് മേഖലാ പ്രസിഡന്റ് ബൈത്തുല്‍ഹാറില്‍ കെ.പി ഷിറാസ്(28), കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് മര്‍ജാസില്‍ എല്‍.വി മുഹമ്മദ് ജന്‍ഫര്‍(23), മുണ്ടേരി കച്ചേരിപ്പറമ്പിലെ റാഫിയത്ത് മന്‍സിലില്‍ മെഹറൂഫ്(20) എന്നിവരെയാണ് ടൗണ്‍ സി.ഐയുടെ ചുമതലയുള്ള പി. സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റുചെയ്തത്. അക്രമത്തിനു പിന്നില്‍ പിടിയിലായവരാണെന്നു ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞതായി ഡി.വൈ.എസ്.പി ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എസ്.പി ജി ശിവവിക്രം പറഞ്ഞു. കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാന്‍ഡ് ചെയ്തു.
അക്രമികള്‍ ഉപയോഗിച്ച മൂന്നു വാഹനങ്ങളില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ പൊലിസ് കണ്ടെടുത്തു. ഇതില്‍ രക്തക്കറയുണ്ടായിരുന്നു. മാര്‍ച്ച് എട്ടിന് രാത്രി 9.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭജനമുക്കില്‍ ഇരിക്കുകയായിരുന്ന സുശീല്‍ കുമാര്‍, പി.വി ശിവദാസന്‍, എ.എന്‍ മിഥുന്‍ എന്നിവരെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. വയറിനും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സുശീല്‍കുമാര്‍ ഇപ്പോള്‍ മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഒന്‍പത് പ്രതികളുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികള്‍ ചാലാട് ഭാഗത്തേക്ക് പോകുന്നതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പരിശോധനയില്‍ സ്‌കൂട്ടറിലാണ് ഇവര്‍ വന്നതെന്ന് വ്യക്തമായി.
സി.പി.എം നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പരുക്കേറ്റവര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാലാട് ഭാഗത്തുള്ള നിരവധി സി. പി.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി.
ഇതിനിടെ പ്രതികള്‍ സി. പി.എം പ്രവര്‍ത്തകരായതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 20ന് കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സില്‍ എ.ബി.വി.പി പ്രവര്‍ത്തകരും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി സൂചന ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെയുള്ള കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ മൊഴിയെടുത്തു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കോളജില്‍ പലപ്പോഴും എ.ബി.വി.പി- കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ടെന്നും പിന്നീട് ഭജനമുക്ക് കേന്ദ്രീകരിച്ചുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആയുധവുമായി എത്താറുണ്ടെന്നും ഇവര്‍ മൊഴി നല്‍കി.
ഇവരുടെ മൊഴിയും സൈബര്‍ വിശകലനവുമാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് വളപട്ടണത്ത് ലോറി ഡ്രൈവറേയും ക്ലീനറേയും വെട്ടിപ്പരുക്കേല്‍പ്പിച്ചതും ഇവരുടെ സംഘമാണെന്ന് വ്യക്തമായി. വളപട്ടണത്ത് നടന്ന രണ്ട് അക്രമസംഭവങ്ങളിലും പിടികൂടിയവരുമായി സംഘത്തിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്.
ടൗണ്‍ അഡീഷണല്‍ എസ്.ഐ ഷാജി പട്ടേരി, കണ്‍ട്രോള്‍ റൂം എസ്.ഐ സ്മിതേഷ്, എസ്. പിയുടെ സ്‌ക്വാഡിലെ എ.എസ്.ഐമാരായ രാജീവന്‍, മഹിജന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ യോഗേഷ്, റാഫി അഹമ്മദ്, അജയന്‍, ബിജുലാല്‍, അജിത്ത്, മഹേഷ്, മിഥുന്‍, അനീഷ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."