പാരിപ്പള്ളി മെഡിക്കല്‍ കോളജ് സമഗ്ര വികസനത്തിന് 9.50 കോടി
തിരുവനന്തപുരം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി 9.4966 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. 100 എം.ബി.ബി.എസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം അടുത്തിടെ ലഭിച്ചിരുന്നു.
ഈ വികസന പ്രവര്‍ത്തനങ്ങള്‍ രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. ലേഡീസ് ഹോസ്റ്റലിന്റെ ചുറ്റുമതില്‍, ടോയിലറ്റ് ബ്ലോക്ക് നിര്‍മാണം, മെഡിക്കല്‍ എഡ്യൂക്കേഷന്‍ യൂനിറ്റിന്റെ വിപുലീകരണം, ഒ.പി ബ്ലോക്കും ഡയഗ്നോസിസ് ബ്ലോക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന കണക്ഷന്‍ കോറിഡോര്‍ എന്നിവയ്ക്ക് വേണ്ടി 99.66 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഒ.പി ബ്ലോക്കില്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി ഡയഗ്നോസിസ് ബ്ലോക്കിലേക്കും തിരിച്ചും പോകുന്നവരുടെ പ്രയാസം മനസിലാക്കിയാണ് ഇരു ബ്ലോക്കുകളേയും ബന്ധിപ്പിച്ച് കണക്ഷന്‍ കോറിഡോര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിനായി പുതിയ 500 എം.എ എക്‌സ്‌റേ മെഷീന്‍ വാങ്ങാന്‍ 15 ലക്ഷം രൂപ, മെഡിക്കല്‍ കോളജിനും ആശുപത്രിയ്ക്കും വേണ്ട ഫര്‍ണിച്ചര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ, കുടിശിക തുക തീര്‍ക്കാന്‍ 50 ലക്ഷം രൂപ, വിവിധ ആശുപത്രി ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ് തീര്‍ക്കാന്‍ 3.421 കോടി രൂപ, ഓപ്പറേഷന്‍ തിയറ്ററുകളുടെ അറ്റകുറ്റ പണി, പ്രധാന ഇന്‍സ്റ്റലേഷന്‍, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി സംവിധാനം എന്നിവയ്ക്ക് 4.229 കോടി രൂപ എന്നിങ്ങനെ 8.50 കോടി രൂപയാണ് അനുവദിച്ചത്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ കോളജിനാവശ്യമായ എല്ലാ തസ്തികകളും സൗകര്യങ്ങളും ഒരുക്കിയിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ അധ്യായന വര്‍ഷം കോഴ്‌സ് ആരംഭിക്കാന്‍ കഴിഞ്ഞത്. ഈ സമയത്ത് നടന്ന എം.സി.ഐ ഇന്‍സ്‌പെക്ഷനില്‍ ആശുപത്രിയുടെ നിലവിലുള്ള സംവിധാനങ്ങളില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ പോരായ്മകള്‍ ഉടന്‍ പരിഹരിക്കുകയും ഈ അധ്യയന വര്‍ഷത്തേയ്ക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം പുതുതായി 100 എം.ബി.ബി.എസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."