കാലവര്‍ഷം കനത്തു; കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിയുന്നു
പേരാമ്പ്ര: കാലവര്‍ഷം കനത്തതോടെ കര്‍ഷകര്‍ ദുരിതത്തില്‍. ആറായിരത്തിലധികം കുലച്ച നേന്ത്രവാഴകളാണ് നശിക്കുന്നത്. പേരാമ്പ്ര കല്ലോട് കൈപ്രം കാക്കക്കുനിക്ക് സമീപം കുനിയിലാണ് ഇത്രയും വാഴകള്‍ നശിക്കുന്നത്.
പ്രദേശത്തുകാരായ യുവാക്കളും മുതിര്‍ന്ന കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇവിടെ വെള്ളം കയറി നശിക്കുന്നത്. കൈപ്രം സ്വദേശികളായ മലനടുവില്‍ നിജീഷ്, രാജേഷ് എന്നിവരുടെ 1500 വാഴകള്‍, അങ്ങാടികൈയ്യില്‍ ദാമോദരന്റെ 500, ചോയിലോട്ട് നാരായണന്റെ 1000, പോന്തേരി കരുണാകരന്റെ 500, കക്കാനക്കണ്ടി ശ്രീജിത്തിന്റെ 600, പാറക്കെട്ടില്‍ മൊയ്തുഹാജിയുടെ 200, കിഴക്കെ കരിമ്പാച്ചാലില്‍ രാമചന്ദ്രന്റെ 300, തിയ്യര്‍കുന്നത്ത് സമദിന്റെ 1200, പെരുവാണിക്കല്‍ ദാമോദരന്റെ 250, ചാലിയാറത്ത് ബാബു ഈശ്വരന്‍ കൊയിലോത്ത് കണ്ണന്‍ എന്നിവരുടെ 600 വാഴകളാണ് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുന്നത്.
കുലച്ച് മൂപ്പെത്താത്ത കുലകളുള്ള വാഴത്തോട്ടത്തില്‍ നിറയെ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഴകള്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം കൂടി വെള്ളം ഈ നിലക്ക് നില്‍ക്കുകയാണെങ്കില്‍ തോട്ടം പൂര്‍ണമായും നശിച്ചു പോവും. ഒരുവാഴക്ക് 250തോളം രൂപ ചെലവുവരുന്നുണ്ട്.
കര്‍ഷകരുടെ അധ്വാനത്തിന്റെ കൂലി വേറെയും. നേന്ത്രക്കുലക്ക് വിപണിയില്‍ മാന്യമായ വില ലഭിക്കുന്ന അവസരമായതിനാല്‍ ഒന്നിന് 500 മുതല്‍ 600 രൂപ വരെ വില ലഭിക്കാവുന്ന കുലകളാണ് നശിക്കുന്നത്. കര്‍ഷകര്‍ ലോണും മറ്റുവിധത്തിലുള്ള സാമ്പത്തിക സമാഹരണവും നടത്തിയാണ് കൃഷി തുടങ്ങിയത്. തൊട്ടുത്തുകൂടി ഒഴുകുന്ന കുറ്റ്യാടി പുഴയിലേക്ക് വെള്ളം ഒഴിഞ്ഞുപോവാത്തതാണ് ഇവിടുത്തെ വെള്ളക്കെട്ടിന് കാരണം.
ഇതിന് സമീപത്തുകൂടെ ഒഴുകുന്ന മരക്കാടി തോടിന്റെ കൈവഴികളായ അറക്കല്‍ തോട്, അങ്ങാടിക്കടവ്, പുത്തന്‍തോട്, പുത്തന്‍കാപ്പ്, കൈപ്രംകടവ് തോടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപെട്ടതാണ് ഇവിടെ വെള്ളമുയരാന്‍ കാരണം. തോടുകളില്‍ വളര്‍ന്നുവന്ന കൈതമരങ്ങളാണ് ഒഴുക്കിന് തടസമാവുന്നത്. ഇത് നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."