മായംകലര്‍ന്ന ഭക്ഷണസാധനങ്ങള്‍: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കു കത്തു നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ സംവിധാനം ഊര്‍ജിതമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്നിരുന്നതുപോലെ വ്യാപകമായ പരിശോധനകളോ ശക്തമായ തുടര്‍നടപടികളോ ഇപ്പോള്‍ ഉണ്ടാകുന്നില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പരിശോധനക്കുശേഷം നൂറുകണക്കിനു ഭക്ഷണശാലകള്‍ക്ക് നോട്ടീസ് നല്‍കുകയും ഒട്ടേറെ എണ്ണം പൂട്ടുകയും ചെയ്തിരുന്നു. ഇത് ഭക്ഷണശാലകള്‍ നടത്തിവരുന്നവരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. നല്ല ഭക്ഷണം നല്‍കാന്‍ അവര്‍ കഴിയുന്നത്ര ശ്രദ്ധിച്ചിരുന്നതായും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഭക്ഷണശാലകളില്‍ പലയിടത്തും ശുചിയില്ലാത്തതും പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണപദാര്‍ഥങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. തെരുവോര ഭക്ഷണശാലകളും തീരെ ശുചിത്വം പാലിക്കാത്ത അവസ്ഥയുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ഈ ദു:സ്ഥിതി സംജാതമായത്. തമിഴ്‌നാട്ടില്‍നിന്നു വരുന്ന പച്ചക്കറികള്‍ വിഷമയമാണോയെന്ന് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്ന നടപടികളും നിലച്ചു. രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യവും വിപണനം ചെയ്യുന്നു.
ഭക്ഷ്യവിഷബാധമൂലം ആളുകള്‍ ആശുപത്രികളിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുടെ അഭാവം വിളിച്ചോതുന്നതാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."