നിയമസഭാ വജ്രജൂബിലി: 'ജനാധിപത്യത്തിന്റെ ഉത്സവം' രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള'ജനാധിപത്യത്തിന്റെ ഉത്സവം' ജൂലൈ രണ്ടാം വാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സെക്രട്ടേറിയറ്റിന്റേയും പാര്‍ലമെന്ററികാര്യ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ജനാധിപത്യ പ്രക്രിയയിലെ മാറ്റങ്ങള്‍, വ്യതിയാനങ്ങള്‍, സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലെ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണു പരിപാടിയുടെ ലക്ഷ്യമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ദലിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദലിത് ലെജിസ്ലേറ്റീവ് കോണ്‍ഫറന്‍സ്, നാഷനല്‍ വിമന്‍ ലജിസ്ലേറ്റീവ് കോണ്‍ഫറന്‍സ്, നാഷനല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തിനു പുറത്തുനിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, മാധ്യമപ്രവര്‍ത്തകരെ പരിപാടികളില്‍ പങ്കെടുപ്പിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നാഷനല്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് പരിപാടിയും നിയമസഭകളുടെ പ്രവര്‍ത്തനവും പ്രവര്‍ത്തന രീതികളും വിശദമാക്കുന്ന കോണ്‍ഫറന്‍സും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാകും. കേരളത്തിന്റെ വികസനം സംബന്ധിച്ച് ദേശീയ സംവാദ പരിപാടിയും സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നു സ്പീക്കര്‍ പറഞ്ഞു. നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായാകും ഇത്തരമൊരു പരിപാടി. കേരള വികസനം സംബന്ധിച്ചു യോജിപ്പിന്റേതായ മേഖലകള്‍ ഈ സംവാദത്തിലൂടെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ വൈവിധ്യമായ സാധ്യതകള്‍ ആരായുന്നതാകും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയെന്നും സ്പീക്കര്‍ പറഞ്ഞു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാകും പരിപാടികള്‍ സംഘടിപ്പിക്കുക. നവംബറില്‍ വജ്രജൂബിലി ആഘോഷം സമാപിക്കും. പരിപാടിയിലേക്കു ക്ഷണിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയേയും സ്പീക്കര്‍ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."