നിപാ: വിദേശരാജ്യങ്ങളുടെ വിലക്ക് നീങ്ങിയില്ല
കോഴിക്കോട്: നിപാ വൈറസ് പോസിറ്റീവ് ആയ അവസാനത്തെയാളും ഇന്ന് ആശുപത്രി വിടാനിരിക്കെ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ മുന്നറിയിപ്പും കയറ്റുമതി വിലക്കും നീക്കിയില്ല. രോഗഭീഷണിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണം തുടരുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കയറ്റുമതിക്കും പ്രതികൂലമാകുകയാണ്.
നിപാ വൈറസ് പ്രാദേശിക പ്രതിഭാസമാണെന്നും കേരളവുമായി യാത്രാവിലക്കോ വാണിജ്യ വിലക്കോ വേണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്കോഹെല്‍ത്ത് അലയന്‍സ് എന്ന ആരോഗ്യ ഗവേഷണ സ്ഥാപനത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ കേരളത്തിലേക്കുള്ള യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്. രോഗഭീഷണി ഒഴിഞ്ഞിട്ടും വിലക്ക് തുടരുന്നതാണ് ബുദ്ധിമുട്ടാകുന്നത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലാണ് നിപാ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വിസുകള്‍ക്ക് അഡൈ്വസറിയുള്ളത്. യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, സിംഗപൂര്‍, തായ്‌ലന്റ്, മലേഷ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിപാ ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണവും കയറ്റുമതി വിലക്കും ഏര്‍പ്പെടുത്തിയത്. ബ്രിട്ടന്‍, പാകിസ്താന്‍,ചൈന, ശ്രീലങ്ക രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും അതതു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കരിപ്പൂരില്‍ നിന്ന് പ്രതിദിനം 70 ടണ്‍ പഴം, പച്ചക്കറികളാണ് ഗള്‍ഫിലേക്ക് കയറ്റി അയച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിലക്ക് നീക്കാത്തതിനാല്‍ പ്രതിദിനം കോടികളുടെ നഷ്ടമാണ് കയറ്റുമതി മേഖലക്കുള്ളത്. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. മണ്‍സൂണ്‍ കാലത്ത് കേരളത്തിലേക്കും ഗോവയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞു.
നിപാ വൈറസ് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം താണ്ടിയതായി അതിന്റെ ചരിത്രത്തില്‍ നിന്ന് തെളിഞ്ഞതായും ഇതാണ് മറ്റു രാജ്യങ്ങളിലേക്ക് വൈറസ് എത്താതിരിക്കാന്‍ യാത്രാവിലക്കിന് മുന്നറിയിപ്പ് നല്‍കിയതെന്നും എക്കോഹെല്‍ത്ത് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഹാച്ചെറ്റ് പറയുന്നു. യാത്രാവിലക്ക് നീക്കിക്കിട്ടാന്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."