ക്ലബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയായേക്കും
ദോഹ: 2022 ലോകകപ്പിന് മുമ്പായി ക്ലബ് വേള്‍ഡ് കപ്പ് ഉള്‍പ്പെടെ പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് വേദിയാവാന്‍ ഫിഫയുമായി ഖത്തര്‍ ചര്‍ച്ചയില്‍. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അണ്ടര്‍17, അണ്ടര്‍20 വേള്‍ഡ് കപ്പുകളാണ് ഖത്തര്‍ ലക്ഷ്യമിടുന്ന മറ്റു പ്രധാന ടൂര്‍ണമെന്റുകള്‍.
മൂന്ന് ടൂര്‍ണമെന്റുകളും നടത്താനുള്ള സാധ്യത സംബന്ധിച്ച് ഫിഫയും ഖത്തര്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നും ഇവ മൂന്നും ഖത്തറില്‍ നടന്നേക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2022 ലോകകപ്പിനായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളും മറ്റും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് സുപ്രധാന മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ഖത്തര്‍ ശ്രമം നടത്തുന്നത്. എന്നാല്‍, കോണ്‍ഫെഡറേഷന്‍ കപ്പിന് ആതിഥ്യമരുളാന്‍ ഖത്തറിന് അവസരം ലഭിക്കില്ല.
ലോകകപ്പിന് 12 മാസം മുമ്പാണ് കോണ്‍ഫെഡറേഷന്‍ കപ്പ് നടക്കാറുള്ളത്. അതേസമയം 2021ലെ കോണ്‍ഫെഡറേഷന്‍ കപ്പിനുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നും ലോക കപ്പിന് മുമ്പായി ചില ടെസ്റ്റ് മത്സരങ്ങള്‍ ഖത്തറില്‍ നടത്തേണ്ടതുണ്ടെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്‍ഡിനോ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."