പിന്തുണ കരുത്താക്കി റഷ്യ
ഏത് മത്സരത്തിലും കാണികളുടെ പിന്തുണ നിര്‍ണായക ഘടകമാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ റഷ്യ കാത്തിരിക്കുന്നത് ഇത്തരത്തിലൊരു വലിയ പിന്തുണയാണെന്നതാണ് ടീമിന്റെ കരുത്ത്. എന്തും ചെയ്യാന്‍ കെല്‍പുള്ള മികവുറ്റ നിരയുണ്ടെങ്കിലും ഗ്രൗണ്ടിന് പുറത്തെ പിന്തുണയിലാണ് റഷ്യയുടെ കണ്ണ്.
കാരണം കഴിഞ്ഞ ദിവസം റഷ്യന്‍ പരിശീലകന്‍ സ്റ്റാനിസ്‌ലേവ് ചെറിസ്‌ലേവ് ഇങ്ങനെയാണ് പറഞ്ഞത്. നിങ്ങള്‍ ടീമിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട. ടീം നല്ല നിലയില്‍ കളിച്ച് നല്ല റിസല്‍റ്റുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. ലോകകപ്പിന് മുമ്പെ റഷ്യ കളിച്ച ഏഴു മത്സരങ്ങളിലും ടീമിന് പരാജയമായിരുന്നെങ്കിലും അതൊന്നും ലോകകപ്പില്‍ ടീമിനെ ബാധിക്കില്ലെന്നുറപ്പാണ്. നിങ്ങള്‍ പുറത്തിരുന്ന് ടീമിനെ ആത്മാര്‍ഥമായി പിന്തുണച്ചാല്‍ മതി.
പ്രതിരോധ നിരയില്‍ തിരിച്ചെത്തിയ സെര്‍ജി ഇഗ്നിഷേവിറ്റിന്റെ സാന്നിധ്യം ടീമിന് കരുത്താണ്. 39 വയസായ പ്രതിരോധ താരം 2016ലെ യൂറോ കപ്പിന് ശേഷം വിരമിച്ചതായിരുന്നു. താരത്തിന്റെ അതുല്യ പ്രതിഭ കാരണം ലോകകപ്പ് ടീമിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. പരുക്കേറ്റ് പുറത്ത് പോയ റസ്‌ലന്‍ കമ്പളോവിന് പകരക്കാരനായി റൂബിന് കസാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2018 ലോകകപ്പിലെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിങ്ങുള്ള ടീമാണ് റഷ്യ. എന്നാലും അതിനെക്കുറിച്ചെന്നും ആരാധകര്‍ക്കും നാട്ടുകാര്‍ക്കും ആശങ്ക വേണ്ടെന്നാണ് പരിശീലകന്‍ പറയുന്നത്.
യോഗ്യതാ മത്സരം കളിക്കാതെ യോഗ്യത നേടിയതിനാല്‍ ടീമിന് മത്സര പരിചയം കുറവാണ്. കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ചായിരുന്നു ടീം ഇതിന് പരിഹാരം കണ്ടത്. സഊദി അറേബ്യ, ഈജിപ്ത്, ഉറുഗ്വെ എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് റഷ്യയുള്ളത്. കരുത്തരായ ടീമുകളില്ലെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരാകാന്‍ ഉറുഗ്വെക്കാണ് കൂടുതല്‍ സാധ്യതതള്‍. പൊരുതി നോക്കിയാല്‍ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടില്‍ പ്രവേശിക്കാമെന്ന മോഹവും റഷ്യക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."