സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് ബിവറേജ് മാറ്റി സ്ഥാപിക്കുമെന്ന അഭ്യൂഹം ശക്തം: രാപ്പകല്‍ സമരവുമായി വീട്ടമ്മമാരും നാട്ടുകാരും
വാടാനപ്പള്ളി: തൃത്തല്ലൂര്‍ ഏഴാംകല്ലിന് പടിഞ്ഞാറ് സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുമെന്ന അഭ്യൂഹം ശക്തം. എന്ത് വിലകൊടുത്തും ഔട്ട്‌ലെറ്റ് തുറക്കുന്നത് തടയാന്‍ നാല് ദിവസം പിന്നിട്ട രാപ്പകല്‍ സമരവുമായി വീട്ടമ്മമാരും, നാട്ടുകാരും രംഗത്ത്.
സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തൃത്തല്ലൂര്‍ എട്ടാം കല്ലില്‍ ദേശിയപാതക്കരികില്‍ അടച്ചുപൂട്ടിയ ബിവറേജ് ഔട്ട്‌ലറ്റാണ് ഏഴാംകല്ലിന് പടിഞ്ഞാറ് ടിപ്പുസുല്‍ത്താന്‍ റോഡിലെ വീട്ടിലേക്ക് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്നത്. ബവ്‌കോ അധികൃതര്‍ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ ഇരുനിലവീട് ഇതിനകം പലതവണയാണ് സന്ദര്‍ശിച്ചത്.
വീടിന് നമ്പര്‍ ലഭിച്ചില്ലെങ്കിലും സ്വകാര്യ വ്യക്തിയുമായി ബവ്‌കോ അധികൃതര്‍ ഇതിനകം കരാര്‍ ഒപ്പിട്ടുകഴിഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ വീടിന് വാണിജ്യാവശ്യത്തിനുള്ള ലൈസന്‍സും അധികൃതര്‍ നേടികഴിഞ്ഞതായും സൂചനയുണ്ട്. ബിവറേജ് ഔട്ട്‌ലെറ്റ് വന്നാല്‍ പ്രദേശത്തെ സൈ്വര്യജീവിതം താറുമാറാകുമെന്ന് വാര്‍ഡംഗം കെ.വി റീന പറഞ്ഞു.
ഔട്ട്‌ലെറ്റ് സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് മാറ്റിസ്ഥാപിക്കുമെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിനരാത്രങ്ങളായി വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ പ്രദേശത്ത് കാവല്‍ ഇരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം പ്രദേശത്തുള്ളവര്‍ ആരുംതന്നെ ജോലിക്ക് പോലും പോയില്ല.
പകല്‍സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതോളം പേരും, രാത്രി മുതല്‍ നേരം പുലരുവോളം വരെ നൂറോളം പേരുമാണ് ഔട്ട്‌ലെറ്റ് തുറക്കുന്നത് തടയാന്‍ കാവല്‍ ഇരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പകലും രാത്രിയും ക്ഷീണം അകറ്റാന്‍ കട്ടന്‍ചായയും സമീപത്തെ വീടുകളില്‍ നിന്ന് വീട്ടമ്മമാര്‍ തന്നെ ഒരുക്കികൊടുക്കുകയാണ്.
വാടാനപ്പള്ളി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗില്‍സതിലകന്‍, മുന്‍ വാര്‍ഡംഗം കെ.എസ് ധനീഷ് എന്നിവര്‍ രക്ഷാധികാരികളും, വാര്‍ഡംഗം കെ.വി.റീന ചെയര്‍പേഴ്‌സനും, പ്രവീണ്‍ ചാളിപ്പാട്ട് കണ്‍വീനറുമായ ജനകീയ സമിതിയാണ് ഔട്ട്‌ലെറ്റിനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നത്.
ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നേരത്തെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ഔട്ട്‌ലെറ്റിനെതിരെ ഒപ്പുശേഖരണം നടത്തി പരാതി സമര്‍പ്പിച്ചിരുന്നു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ക്കും ഇതുസംബന്ധിച്ച നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ജനകീയ സമിതി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് മാത്രമേ ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുവെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."