ഫറോക്ക് നഗരസഭയില്‍ ഇടതുപിന്തുണയോടെ സ്വതന്ത്ര ചെയര്പേഴ്സന്
സ്വന്തം ലേഖകന്‍
ഫറോക്ക്: എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര കൗണ്‍സിലര്‍ ഖമറുല്‍ ലൈല ഫറോക്ക് നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍നിന്നുള്ള കെ. മൊയ്തീന്‍കോയ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ചെയര്‍പേഴ്സനായിരുന്ന ലീഗിലെ പി. റുബീനയെയാണ് ഖമറുല്‍ ലൈല പരാജയപ്പെടുത്തിയത്. ലൈല 21 വോട്ടുകളും റുബീന 16 വോട്ടും നേടി. ഇതേ മാര്‍ജിനില്‍ നിലവിലെ വൈസ് ചെയര്‍മാനായ കോണ്‍ഗ്രസിലെ വി. മുഹമ്മദ് ഹസ്സനെയാണ് കെ. മൊയ്തീന്‍കോയ പരാജയപ്പെടുത്തിയത്.
നഗരസഭ 21-ാം ഡിവിഷനില്‍നിന്ന് ലീഗ് പിന്തുണയോടെയാണ് ഖമറുല്‍ ലൈല മത്സരിച്ചു ജയിച്ചത്. കെ. മൊയ്തീന് കോയ കൈപ്പത്തി ചിഹ്നത്തില്‍ 35-ാം ഡിവിഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും യു.ഡി.എഫുമായി ഇടഞ്ഞതോടെ ഇവരെ പിന്തുണച്ച് ഫറോക്ക് നഗരസഭാ ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ് മുന്നോട്ടുവരികയായിരുന്നു. എല്‍.ഡി.എഫിന്റെ 18 മെമ്പര്‍മാര്‍ക്കൊപ്പം കോണ്‍ഗ്രസ് ടിക്കറ്റില്‍ 11-ാം ഡിവിഷനില്‍ വിജയിച്ച കെ.ടി ശാലിനിയും ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. ലീഗിലെ 14 പേരുടെയും കോണ്‍ഗ്രസിലെ ഒരാളുടെയും ഒരു സ്വതന്ത്ര കൗണ്‍സിലറുടെയും വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചു. ഏക ബി.ജെ.പി അംഗം തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു. രണ്ടര വര്‍ഷമായി യു.ഡി.എഫായിരുന്നു ഫറോക്ക് നഗരസഭാ ഭരണം കൈയാളിയത്. കഴിഞ്ഞ മാസം 16നു നിലവിലെ ചെയര്‍പേഴ്സനെയും വൈസ് ചെയര്‍മാനെയും എല്‍.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."