ആഢ്യന്‍പാറയില്‍ മണ്ണിടിഞ്ഞ് തുരങ്കം അടഞ്ഞു; വൈദ്യുതോല്‍പാദനം നിര്‍ത്തി
നിലമ്പൂര്‍: ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറ വൈദ്യുത പദ്ധതിയുടെ തുരങ്കത്തിന്റെ മുകളില്‍ മണ്ണിടിഞ്ഞുവീണ് തുരങ്ക കവാടം അടഞ്ഞു. ഇതിനെ തുടര്‍ന്നു വൈദ്യുതി ഉല്‍പാദനം അനിശ്ചിതമായി നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
ജലവൈദ്യുതി പദ്ധതിയോടു ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയിലെ മണ്ണാണ് ഇടിഞ്ഞുവീണത്. ടണലിന്റെ തുരങ്കമുഖത്താണ് പാറകല്ലുകള്‍ ഉള്‍പ്പെടെ വീണ് ഉല്‍പാദനം തടസപ്പെട്ടത്. മേഖലയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നാം തവണയാണ് ഇവിടെ മണ്ണിടിഞ്ഞ് തുരങ്കം അടയുന്നത്. മായിംപള്ളിക്കു സമീപം വനത്തിലെ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് മണ്ണിടിഞ്ഞതെന്ന നിഗമനത്തിലാണ് അധികൃതര്‍. 2015ല്‍ കമ്മിഷന്‍ ചെയ്ത ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ഇവിടെ 3.5 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞിരപ്പുഴയില്‍ വന്‍തോതില്‍ വെള്ളം വരാന്‍ തുടങ്ങിയത്. ഫില്‍ട്ടര്‍ സംവിധാനമുണ്ടെങ്കിലും തുരങ്കത്തിനകത്തേക്കു തടിക്കഷണങ്ങള്‍ പോകേണ്ടെന്നു കരുതി ചൊവാഴ്ച മുതല്‍ തന്നെ ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു. പാറക്കഷണങ്ങളടക്കം വന്നു തുരങ്കത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. കേടുപാടുകള്‍ തീര്‍ക്കാന്‍ രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.
വിവരം ഉന്നതോദ്യോഗസ്ഥരെയും ഡയരക്ടറേയും അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി ബോര്‍ഡ് ഡയറക്ടര്‍ എന്‍. വേണു ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡി.ആര്‍ ഇന്ദുചൂഢന് നിര്‍ദേശം നില്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."