സിയാലിലെ സുരക്ഷാ വിഭാഗത്തിലെ സ്‌ക്രീനര്‍മാരുടെ ജാഗ്രത: 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന പരിശോധനയില്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശി യൂസഫ് മുഹമ്മദ് സിദ്ദീഖ് (40)ല്‍ നിന്നും പതിനൊന്ന് കോടിയോളം രൂപയുടെ വിദേശ കറന്‍സി പിടിച്ചെടുക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ സിയാലിലെ സുരക്ഷാ വിഭാഗത്തിലെ സ്‌ക്രീനര്‍മാരുടെ ജാഗ്രത. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 11 കോടി രൂപയുടെ വിദേശ കറന്‍സിയാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.
വിമാനങ്ങളിലേക്കുള്ള എല്ലാ ചെക്ക് ഇന്‍ ബാഗേജുകളും സ്‌ക്രീനി് നടത്തുന്നതിന്റെ ചുമതല സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിനാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള സ്‌ക്രീനര്‍മാരാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് ഇവര്‍ യാത്രക്കാരുടെ ബാഗേജുകള്‍ സ്‌ക്രീന്‍ ചെയ്യുന്നത്. ചെക് ഇന്‍ കൗണ്ടറുകളില്‍ നിന്ന് ബെല്‍റ്റിലൂടെ നീങ്ങുന്ന ബാഗേജുകള്‍ അത്യാധുനിക സി.ടി സ്‌കാനറിലൂടെ കടന്നുപോകുന്നു.
ഇന്ത്യയില്‍ തന്നെ ആദ്യഘട്ടം മുതല്‍ മുഴുവന്‍ ബാഗേജുകളും ത്രിമാന സ്‌കാനിങ് നടത്തുന്ന ഏക വിമാനത്താവളമാണ് നെടുമ്പാശ്ശേരി. ബാഗേജിന്റെ വിശദമാന ത്രിമാന രൂപം ഒന്നാം ഘട്ടത്തിലെ സ്‌ക്രീനര്‍മാരുടെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നു. കേവലം 20 സെക്കന്റില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. ഇന്നലെ പുലര്‍ച്ചെ 3.10 നാണ് അഫ്ഗാന്‍ സ്വദേശിയുടെ ബാഗിന്റെ പ്രതിബിംബം സിയാല്‍ സെക്യൂരിറ്റീസ് സീനിയര്‍ അസിസ്റ്റന്റ് എം.ശ്രീകാന്തിന്റെ കംപ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു.
വസ്ത്രങ്ങള്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നതെങ്കിലും അവയ്ക്കുള്ളിലെ ചില ഭാഗങ്ങളിലെ സൂക്ഷ്മമായ നിറവ്യത്യാസം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും വിശദമായ പരിശോധനക്കായി ബാഗിനെ രണ്ടാം ഘട്ടത്തിലേക്ക് അയക്കുകയുമായിരുന്നു.
ഈ നിരീക്ഷണം നടന്നിരുന്നില്ലെങ്കില്‍ ബാഗ് വിമാനത്തില്‍ എത്തുമായിരുന്നു. സീനിയര്‍ അസിസ്റ്റന്റ് വിപിന്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയിലും സംശയം ബലപ്പെട്ടു.
ഉടനെ തന്നെ ബാഗ് കണ്‍വെയര്‍ സംവിധാനത്തില്‍ നിന്നും മാറ്റി. തുടര്‍ന്ന് നടത്തിയ എക്‌സറെ പരിശോധനയില്‍ ബാറിനകത്ത് അസ്വാഭാവികമായി എന്തൊ ഉണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. നാലാം ഘട്ട പരിശോധന എന്ന നിലയില്‍ യാത്രക്കാരനെ വിളിച്ചു വരുന്നി ബാഗ് തുറപ്പിച്ചു. ഇതോടെ ഇന്‍ഡക്ഷന്‍ കുക്കറിനുള്ളിലും വസ്ത്രങ്ങളിലും അതി വിദഗ്ധമായി ഒളിപ്പിച്ചിരുന്ന കറന്‍സി നോട്ടുകള്‍ കണ്ടെത്തുകയായിരുന്നു.
ഒരു ദിവസം ശരാശരി ഇരുപതിനായിരത്തോളം ബാഗേജുകളാണ് സിയാല്‍ സുരക്ഷാ വിഭാഗം പരിശോധിക്കുന്നത്. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി സിയാലിന്റെ അന്താരാഷ്ട്ര ടെര്‍മിനലായ ടി ത്രിയില്‍ അത്യാധുനിക സി.ടി സ്‌കാനര്‍ ഉള്ളതിനാല്‍ തുടക്കം മുതല്‍ തന്നെ ഓരോ ബാഗിന്റയും ത്രിമാന പ്രതിബിംബം ലഭിക്കുന്നു.
ചൊവ്വാഴ്ച്ച ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് അഫ്ഗാന്‍ സ്വദേശി യാത്ര ആരംഭിച്ചതെങ്കിലും ഡല്‍ഹിയിലെ പരിശോധനയില്‍ ബാഗേജിനകത്ത് വിദേശ കറന്‍സി ഒളിപ്പിച്ചിരുന്നത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."