കല്‍പ്പറ്റയില്‍ നഗരസഭ മാലിന്യം റോഡരികില്‍ കുഴിച്ചുമൂടി
കല്‍പ്പറ്റ: പരിസ്ഥിതി വാരാചരണം തീരും മുമ്പേ കല്‍പ്പറ്റ നഗരത്തില്‍ നഗരസഭ തന്നെ പ്ലാസ്റ്റിക് മാലിന്യം റോഡരികില്‍ കുഴിച്ചിട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ച മാലിന്യമാണ് ഇന്നലെ രാവിലെ ബൈപ്പാസില്‍ റോഡരികില്‍ കുഴിച്ചിട്ടത്.
ജെ.സി.ബി ഉപയോഗിച്ച് ചെറിയ കുഴികള്‍ എടുത്താണ് മാലിന്യ കൂമ്പാരം മണ്ണിനടിയിലാക്കിയത്. നഗരസഭാ വൈസ് ചെയര്‍മാന്റെ വാര്‍ഡിലെ ചന്തയിലെ അഴുക്ക് ചാലില്‍ നിന്നും നീക്കിയ മാലിന്യം അടക്കം റോഡരികില്‍ കുഴിച്ചു മൂടുകയായിരുന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ പച്ചപ്പ് പദ്ധതി പ്രകാരം പുഴകളില്‍ നിന്നും തോടുകളില്‍ നിന്നും അഴുക്ക് ചാലുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് മാതൃകയായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനവും ശേഖരണവും നടത്തി. ഇതിനിടയിലാണ് നഗരസഭക്ക് തന്നെ നാണക്കേടായി റോഡരികില്‍ പ്ലാസ്റ്റിക്ക് മാലിന്യം തള്ളിയത്. നഗരസഭയുടെ വാഹനത്തില്‍ തന്നെയാണ് മാലിന്യം ബൈപ്പാസിലേക്ക് എത്തിച്ചത് നഗരസഭയുടെ തന്നെ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടുകയും ചെയ്തു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മാലിന്യം കുഴിച്ചിടല്‍ അവസാനിപ്പിച്ച് തടിയൂരി. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടിയാണ് നഗരസഭ സ്വീകരിച്ചിരുന്നത്. മാലിന്യത്തിലെ രേഖകള്‍ പരിശോധിച്ച് രണ്ട് ലക്ഷം രൂപയാണ് പിഴയിട്ടിരുന്നത്. ഇതിനെല്ലാം കളങ്കമായി നഗരസഭയുടെ നടപടി പരിസ്ഥിതി വാരാചരണം തുടരുന്നതിനിടെയാണ് റോഡരികില്‍ നഗരസഭ തന്നെ മാലിന്യ നിക്ഷേപം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."