മഞ്ഞപ്പടയ്ക്കെതിരായ കേസ് സി.കെ വിനീത് പിന്‍വലിച്ചു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് ചെന്നൈയിന് എഫ്.സി മലയാളി താരം സി.കെ വിനീത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരേ എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് വിനീത് പരാതി നല്‍കിയിരുന്നു. കേസില്‍ പൊലിസ് നടപടി തുടങ്ങിയതോടെ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം വിനീതിനോട് രേഖാമൂലം ക്ഷമ ചോദിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്. ഫെബ്രുവരി 15ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് എഫ്.സി മത്സരത്തിനിടയില്‍ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച കാര്യം. മാച്ച് കമ്മീഷണര്‍ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വിനീത് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലിസ് അന്വേഷണം തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് ഇപ്പോള്‍ വായ്പാ അടിസ്ഥാനത്തില്‍ ചെന്നൈയിന് എഫ്.സിക്ക് വേണ്ടിയാണ് കളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."