അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെ പ്രതിരോധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുവാനും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുമുള്ള ശ്രമം ചിലയിടങ്ങളില്‍ നിന്നുയരുന്നുണ്ടെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ സംഘടിപ്പിച്ച ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും വൈവിധ്യം നിലനിര്‍ത്തി ദേശീയബോധം വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ജനാധിപത്യത്തിന് ശക്തി പകരുന്നത് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ഇതിനെ തടസപ്പെടുത്തുന്ന സ്ഥിതി വ്യാപകമായി ഉണ്ടാകുന്നത് ആശങ്കാജനകമാണ്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യമൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് യുവതലമുറയുടെ കടമയാണ്.
ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നതിലുപരി സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം അവസാനിപ്പിക്കുക എന്നതാണ് ജനാധിപത്യത്തില്‍ പ്രധാനം. വിദ്യാര്‍ഥി പാര്‍ലമെന്റില്‍ ജനാധിപത്യത്തിന്റെ വിവിധ മാനങ്ങള്‍ ചര്‍ച്ചചെയ്തതിന്റെ ആശയപരിസരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവാക്കളുടെ കൈയില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ യുവത്വമാണ് നാനാത്വങ്ങള്‍ക്കിടയില്‍ ഏകത്വം സൃഷ്ടിക്കുന്ന ഊര്‍ജ്ജം. ഈ യുവത്വത്തെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാര്‍ഥി പാര്‍ലമെന്റ്. സാമൂഹ്യ മുന്നേറ്റങ്ങളുടെ പാരമ്പര്യമുള്ള കേരളമാണിതിന് മുന്‍കൈയെടുത്തത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."