കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി; പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണത്തെത്തുടര്‍ന്നു സങ്കടക്കടലിലായ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേയാണ് ഇടതു പൊലിസിന്റെ ക്രൂരമായ അതിക്രമം.
മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ നടുറോഡില്‍ പൊലിസ് ബൂട്ടിട്ടു ചവിട്ടി. പൊലിസിന്റെ ചവിട്ടേറ്റ് മഹിജയ്ക്ക് ഇടുപ്പിനു പരുക്കേറ്റു. നിലത്തുവീണ മഹിജയെ പൊലിസ് വലിച്ചിഴച്ച് അസഭ്യവാക്കുകള്‍ ചൊരിഞ്ഞാണ് പൊലിസ് വാഹനത്തില്‍ കയറ്റിയത്. മറ്റ് കുടുംബാംഗങ്ങള്‍ക്കുനേരെയും പൊലിസ് അതിക്രമം തുടര്‍ന്നു.
മഹിജയോടും ഒപ്പമുണ്ടായിരുന്നവരോടും സ്ത്രീകളെന്ന പരിഗണനപോലും നല്‍കാതെയായിരുന്നു പൊലിസിന്റെ അക്രമം.സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പൊലിസ് മര്‍ദനത്തില്‍ നിലവിളിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു പൊലിസിന്റെ ബലപ്രയോഗം.
നീതിതേടി എത്തിയ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരേ നടത്തിയ കാടത്തത്തിനെതിരേ കേരളം പ്രതിഷേധിക്കുന്നു. യു.ഡി.എഫും ബി.ജെ.പിയുമാണ് ഇന്ന് ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുന്നത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കി. ഇന്ന് നടത്താനിരുന്ന കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു.
എന്‍.സി.ഡി.സിയുടെ അധ്യാപക പരിശീലന കോഴ്‌സുകളുടെ പരീക്ഷകളും മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."