കശ്മിരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ശ്രീനഗര്‍: കശ്മിരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.
കശ്മിരി ദിനപത്രം റൈസിങ് കശ്മിരിന്റെ എഡിറ്റര്‍ ശുജാഅത്ത് ബുഖാരിയാണ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ പ്രസ് കോളനിയില്‍ വച്ചായിരുന്നു ആക്രമണം. രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും ബുഖാരിയുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്.
ദീര്‍ഘകാലത്തിനുശേഷം കശ്മിരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ആദ്യ ആക്രമണമാണിത്. മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണമാണിതെന്ന് കശ്മിര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ജംവാല്‍ പ്രതികരിച്ചു.
2000ല്‍ ബുഖാരിക്കുനേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് അന്നു മുതല്‍ പൊലിസ് സംരക്ഷണത്തിലായിരുന്നു അദ്ദേഹം.
കശ്മിര്‍ താഴ്‌വരയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി നിരവധി യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്ത ആളാണ് ബുഖാരി.
അമര്‍നാഥ് തീര്‍ഥാടനം ഈ മാസം അവസാനം ആരംഭിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചു ചേര്‍ത്ത സുരക്ഷാ യോഗം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."