വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റും തുടരും
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ വന്‍ നാശനഷ്ടം വിതക്കുന്ന പേമാരിക്ക് കാരണമായത് കിഴക്കന്‍, മധ്യ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി (അപ്പര്‍ എയര്‍ സൈക്ലോണിക് സര്‍ക്കുലേഷന്‍)യും തെക്കന്‍ തീരദേശ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയും മൂലം. സമുദ്ര നിരപ്പില്‍ 0.9 കി.മി ഉയരത്തിലായി ഏകദേശം 800 കി.മി നീളത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ന്യൂനമര്‍ദപാത്തി രൂപപ്പെട്ടത്. കാലവര്‍ഷകാറ്റ് ശരിയായ ദിശയില്‍ സഞ്ചരിക്കുന്നതും പുതിയ പ്രതിഭാസവും ഒരുമിച്ചുവന്നതോടെയാണ് അണമുറിയാത്ത മഴക്ക് കാരണമാകുന്നത്. വടക്കന്‍ ജില്ലകളില്‍ കാറ്റും മഴയും ശക്തിയാകുമെന്നും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പാലക്കാട് മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും തിരുവനന്തപുരം, കൊല്ലം, കാസര്‍കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അടുത്ത 24 മണിക്കൂറില്‍ ഏഴു മുതല്‍ 13 സെ.മി മഴയും തുടര്‍ന്ന് നാലു മുതല്‍ ഏഴ് സെ.മി മഴയുമാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തിയതായി ചെന്നൈയിലെ മേഖലാ സൈക്ലോണ്‍ വാണിങ് സെന്റര്‍ ഡ്യൂട്ടി ഓഫിസര്‍ കെ.രാജ പറഞ്ഞു. അറബിക്കടലിന്റെ മധ്യകിഴക്ക്, മധ്യ പടിഞ്ഞാറ്, തെക്കുകിഴക്ക് മേഖലകളില്‍ കടല്‍ വളരെയേറെ പ്രക്ഷുബ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."