കുട്ടികളില്‍ ജങ്ക് ഫുഡ് ഉപഭോഗം വര്‍ധിക്കുന്നു
കൊച്ചി: കേരളത്തിലെ കുട്ടികളില്‍ ജങ്ക് ഫുഡ് ഉപഭോഗം വര്‍ധിക്കുന്നുവെന്നും 10-15 വയസ്സില്‍ത്തന്നെ രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണെന്നും പഠനറിപ്പോര്‍ട്ട്.
കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം കാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്നും കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കൂടുതല്‍ പേരും ജങ്ക് ഫുഡ് ഭക്ഷണങ്ങളോട് അമിത താല്‍പര്യം കാട്ടുന്നതായി സര്‍വേകളില്‍ വ്യക്തമായി. മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അമിത ഉപയോഗം യുവാക്കളെയും മധ്യവയസ്‌കരെയും നിത്യരോഗികളാക്കുമ്പോള്‍ മൂന്നുമുതല്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായി. കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം നടത്തിയത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം വേഗം പടര്‍ന്നുപിടിക്കുന്ന നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്.
ഗ്രാമീണ മേഖലകളിലെ കുട്ടികളില്‍ നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് പൊതുവെ പൊണ്ണത്തടി കുറവാണെന്നു പഠനത്തില്‍ കണ്ടെത്തി. കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലാണ് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."