കൊവിഡും കടന്ന് ഇറാന്‍
ഇറാഖിലെ എര്‍ബില്‍ ഓഫിസില്‍ സ്ഥിരമായി വരുന്ന ഒരു കസ്റ്റമറാണ് ഇറാനിയായ ഷീറാസില്‍ നിന്നുള്ള മുഹമ്മദ് ജസ. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു ഓയില്‍ കമ്പനിയില്‍ അദ്ദേഹം മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ്. ജസയുടെ നാട്ടില്‍(ഷീറാസില്‍) കുടുംബത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇരുവരും കൊവിഡിനെ അതിജയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇരുണ്ടമുഖവും നിശബ്ദനുമായിരുന്ന ജസയുടെ മുഖത്ത് ഇതെഴുതുമ്പോള്‍ ആശ്വാസത്തിന്റെ ഇളംതെന്നലുണ്ട്. സ്‌നേഹനിധിയായ പിതാവിനും ഇളയ സഹോദരനുമാണ് സ്വദേശത്ത് കൊവിഡ് ബാധിച്ചത്. നാട്ടിലെ ഓരോ നാഡീസ്പന്ദനവും ജസ അറിയാറുണ്ട്. നിത്യേനയെന്നോണം ഇറാനിലെ വീട്ടിലേക്ക് വിളിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെയുമൊക്കെയാണ് ബന്ധങ്ങള്‍. തന്റെ നാട്ടിലെ ഭരണകര്‍ത്താക്കള്‍ നാട്ടുകാര്‍ക്ക് വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും പരമാവധി ചികിത്സ ലഭ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നുണ്ടെന്നും അതേസമയം കൂടുതല്‍ വ്യാപിച്ചാല്‍ ആരു വിചാരിച്ചിട്ടും രക്ഷയില്ലെന്നും ജസ അഭിപ്രായപ്പെട്ടു.
കൊവിഡ് ഗ്രാഫില്‍ പശ്ചിമേഷ്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇറാന്‍ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചുവെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മുറിക്കിയ പലമേഖലകളിലും ഇതിനകം അയവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സഹായം വേണോ എന്ന് ചോദിച്ച അമേരിക്കയെ വിരട്ടിയോടിച്ചു. പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ഉരുളക്കുപ്പേരിയെന്നോണം മറുപടി കൊടുത്തു. വര്‍ഷങ്ങളായി ഉപരോധങ്ങളെ അതിജീവിക്കുന്ന ഇറാന്‍ പകര്‍ച്ചവ്യാധിയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നത് അതിനേക്കാള്‍ വലിയ ഒരു യുദ്ധമാണ്. ഐക്യത്തോടെ നിന്നാല്‍ മലപോലെ വന്ന ഏതുഭീകരനേയും വരുതിയിലാക്കാന്‍ കഴിയുമെന്ന് വീണ്ടും ഇറാന്‍ തെളിയിക്കുകയാണ്. ലോകാടിസ്ഥാനത്തില്‍ ചൈനക്കും ഇറ്റലിക്കും പിറകിലുണ്ടായിരുന്ന ഇറാനെ ഏട്ടാം സ്ഥാനത്തെത്തിക്കാന്‍ ഹസന്‍ റൂഹാനി നയിക്കുന്ന ഇറാന്‍ ഭരണകൂടത്തിന് സാധിച്ചു.
കൊവിഡ് വന്ന വഴി
ഇറാഖില്‍ കൊല്ലപ്പെട്ട ഇറാന്‍ ഖുദുസ് സേനയുടെ തലവനായിരുന്നു കാസിം സുലൈമാനിയുടെ ഖബറടക്കം നടക്കുന്നത് ജനുവരി ഏഴിനായിരുന്നു. ലക്ഷക്കണക്കിനു ആളുകളാണ് തങ്ങളുടെ നേതാവിനെ അവസാനമായി കാണാനെത്തിയത്. ചൈനയില്‍ നവംബര്‍ മുതല്‍ രോഗം പടരുന്നുണ്ടായിരുന്നെങ്കിലും ലോകാരോഗ്യ സംഘടനയെ അവര്‍ അറിയിക്കുന്നത് ഡിസംബര്‍ 31നായിരുന്നു. 2015 മുതല്‍ ചൈനയുമായി ശക്തമായ വ്യാപാരബന്ധം പങ്കിടുന്നുണ്ടായിരുന്നു ഇറാന്‍. എന്നാല്‍ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ള രാജ്യങ്ങളോടെന്ന പോലെ ചൈന ഇറാനേയും അറിയിച്ചില്ല. ജനുവരി ആദ്യത്തില്‍ തന്നെ രോഗത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും ഇറാന്‍ ഭരണകൂടം അതു വേണ്ടത്ര മുഖവിലക്കെടുക്കാത്തതും രോഗം പകരാന്‍ കാരണമായി. രോഗത്തെ കുറിച്ച് ഭീതി സൃഷ്ടിച്ചാല്‍ അത് ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടി. പക്ഷെ കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.
ഇറാനില്‍ കോം എന്നൊരു സ്ഥലമുണ്ട്. ചൈനക്കാര്‍ വ്യാപരത്തിനു വേണ്ടി വന്നുപോകുന്ന ഒരിടമാണിത്. നൂറുകണക്കിന് ചൈനക്കാര്‍ ഇവിടെ താമസിക്കുന്നുമുണ്ട്. റെയില്‍വേയില്‍ ഉള്‍പ്പെടെ ചൈനക്കാരുടേതായ വൈവിധ്യമാര്‍ന്ന ഒട്ടേറേ പ്രോജക്ടുകള്‍ ഇവിടെ നടക്കുന്നുണ്ട്. ഇവിടേക്ക് കച്ചവടാവശ്യാര്‍ഥം എത്തിയ ചൈനക്കാരാണ് കൊറോണ കൊണ്ടുവന്നതെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. അതേസമയം കോമില്‍ മാത്രമല്ല, ചൈനക്കാര്‍ തെഹ്‌റാനിലും ഇസ്ഫഹാനിലും മഷ്ഹദിലും അതുപൊലുള്ള പ്രമുഖ ഇറാനിയന്‍ നഗരത്തിലേക്കെല്ലാം വരാറുണ്ടെന്നും അതുകൊണ്ടു തന്നെ ഉറവിടമത്ര കൃത്യമല്ലെന്നും അഭിപ്രായങ്ങളുണ്ട്.
അറിഞ്ഞതില്‍ പാതി പറയാതെ
ഇതെഴുതുമ്പോള്‍ ഇറാനില്‍ 90,481 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 5710 പേര്‍ മരണത്തിനു കീഴടങ്ങി, 69,657 പേര്‍ രോഗമുക്തി നേടി. അതേസമയം ഔദ്യോഗികമായി പുറത്തുവിട്ടതിന്റെ ഇരട്ടിയാകാം യഥാര്‍ഥ കണക്കെന്ന് ഇറാന്‍ പാര്‍ലമെന്റ് റിസര്‍ച്ച് കമ്മിറ്റിയെ ഉദ്ധരിച്ച് ഇറാനിലെ പ്രതിപക്ഷ മാധ്യങ്ങള്‍ ആരോപിക്കുന്നു. ഭരണകൂടത്തിന്റെ കണക്കില്‍ വരാത്തവരും പരിശോധനയെത്തും മുന്നെ മരിച്ചവരും ഈ കണക്കുകളില്‍ ഇല്ലെന്നു ആരോഗ്യവകുപ്പുതന്നെ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രതിസന്ധിയില്‍ ത്വരിതഗതിയില്‍ വിവരങ്ങള്‍ സുതാര്യമാക്കാതിരുന്നാല്‍ അത് വലിയ അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
മാര്‍ച്ച് ആദ്യവാരത്തില്‍ ഇറാനിലെ ചൈനക്കാരെയും വഹിച്ച് രണ്ട് വിമാനങ്ങള്‍ ചൈനയിലെ ഗ്യാന്‍സു പ്രവശ്യയിലേക്ക് പറന്നിരുന്നു. അതിലെ യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 11 പേര്‍ക്ക് പോസിറ്റീവ് ഉള്ളതായി കണ്ടെത്തിയിരുന്നു. കൊവിഡ് ഇല്ലാത്തവര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി. പരിശോധനയില്‍ അപര്യാപ്തതയുണ്ടെന്നാണു ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇറാന്‍ കണക്കുകള്‍ മറച്ചു വെക്കുകയാണെന്നും യഥാര്‍ഥ കണക്ക് നോക്കുകയാണെങ്കില്‍ രാജ്യത്തിന്റെ 5% മുതല്‍ 10% വരെയുള്ള ആളുകള്‍ക്ക് പോസിറ്റീവ് ഉണ്ടാകുമെന്നും അതില്‍ ഒരു ശതമാനമെങ്കിലും മരണവുമുണ്ടാകാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ഇറാന്റെ കണക്കുകള്‍ കൃത്യമല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഇറാനില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രചരിച്ചിരുന്നു. പക്ഷെ പിന്നീട് സാമൂഹ്യമാധ്യങ്ങള്‍ക്കെതിരേ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വിലക്കി.
വമ്പന്മാരെയും പിടികൂടുമ്പോള്‍
ഭരണതലപ്പത്തിരിക്കുന്ന അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചതാണ് ഇറാനെ കൂടുതല്‍ ഭീതിപ്പെടുത്തിയത്. ഇറാന്‍ ഉന്നതാധികാരിയുടെ സീനിയര്‍ അഡൈ്വസറി കൗണ്‍സില്‍ അംഗം മുഹമ്മദ് മീര്‍ മുഹമ്മദലി, പാര്‍ലമെന്റ് അംഗങ്ങളായ മുഹമ്മദലി റമീസാനി, ഫത്വിമ്മ റഹബാര്‍, നയതന്ത്ര നേതാക്കളായ ഹുസൈന്‍ ശൈഖുല്‍ ഇസ്‌ലാം, ഹാദി ഹുര്‍സ്രൊഷാഹി എന്നിവരാണ് മരണത്തിനു കീഴടങ്ങിയത്. ഫെബ്രുവരിയില്‍ ഇറാന്‍ വൈസ് പ്രസിഡന്റും രാജ്യത്തും പുറത്തും ഏറെ സ്വാധീനമുള്ള വനിതാ രാഷ്ട്രീയ നേതാവുമായ മഅസൂമ ഇബ്ത്തിക്കാറിനും രോഗ ബാധയുണ്ടായി. കൂടാതെ സീനിയര്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായ മുഹമ്മദ് സദര്‍, പാര്‍ലമെന്റ് അംഗമായ റസാ റഹ്മാനി തുടങ്ങി ഭരണത്തിലിരിക്കുന്ന 15 പേര്‍ക്കും പ്രതിപക്ഷത്തുനിന്നുള്ള ഒരു ഡസനോളം ആളുകള്‍ക്കും ആയിരക്കണക്കിന് ഗവണ്മെന്റ് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭരണകേന്ദ്രത്തിലിരിക്കുന്നവരേയും അഭ്യസ്തവിദ്യരേയും പരിശോധിച്ചതുകൊണ്ടാകാം അത്രയും കണക്കുകള്‍ വന്നത്.
അതേസമയം സാധാരണക്കാരനിലേക്ക് പരിശോധനകള്‍ എത്തിക്കുവാനുള്ള സംവിധാനമുണ്ടായാല്‍ മാത്രമേ കൊവിഡിനെ പിടിച്ച് കെട്ടാനാവുകയുള്ളൂ. കൊവിഡ് ബാധിച്ച ഭരണത്തലപ്പത്തുള്ളവര്‍ സ്വാഭാവികമായും പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ പൊതുജനങ്ങളെയെല്ലാം പരിശോധനക്ക് എത്തിക്കേണ്ടിവരും. സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമായിട്ടില്ലെങ്കില്‍ രാജ്യത്ത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
പ്രതിസന്ധികളെ അതിജയിച്ചവിധം
ദുരന്തങ്ങളുടെ മേല്‍ക്കൂരയിലാണ് ഇറാനികള്‍ ജീവിച്ചുപോന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപരോധങ്ങള്‍ ഒന്നിനുമേലൊന്നായി അവരെ വരിഞ്ഞുമുറുക്കിയിരുന്നു. ദുരന്തങ്ങള്‍ ശീലിച്ചുപോന്ന ഇറാനികള്‍ക്ക് കൊവിഡ് എന്ന മഹാമാരി വലിയ ഭീതിയല്ല നല്‍കിയത്, മറിച്ച് കൂടുതല്‍ ജാഗ്രത വേണമെന്ന പാഠമായിരുന്നു. അമേരിക്കന്‍, യൂറോപ്യന്‍ മോഡല്‍ ആര്‍ഭാടജീവിതം ശീലമില്ലാത്തതിനാല്‍ ക്വാറന്റൈനും ഐസൊലേഷനും അവര്‍ക്ക് എളുപ്പം പാലിക്കാന്‍ കഴിഞ്ഞു. ഭരണകൂടം കൃത്യമായ ബോധവല്‍ക്കരണം നല്‍കിക്കൊണ്ടിരുന്നു. പ്രതിസന്ധിയെ വെല്ലുവിളിയായി സ്വീകരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. ജോലിയില്ലാതെ വീട്ടിലിരിക്കുന്നവരോട് കൃഷിയില്‍ ഏര്‍പ്പെടാനും വീട്ടിനുള്ളില്‍ കഴിയാവുന്ന കൈതൊഴിലുകള്‍ ശീലിക്കാനും നിര്‍ദേശം നല്‍കി.
ഉപരോധം മൂലം അവശ്യമരുന്നുകള്‍ക്കും സാനിറ്റൈസര്‍ പോലുള്ള പ്രതിരോധ വസ്തുക്കള്‍ക്കും തുടക്കത്തില്‍ വല്ലാതെ ക്ഷാമം നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ അതുവഴി അവര്‍ക്ക് കഴിഞ്ഞു. സ്വന്തമായി 40 ലക്ഷം മാസ്‌കുകള്‍ രാജ്യത്തുനിന്നും ഉല്‍പാദിപ്പിച്ച് വിതരണം നടത്തി. വൈറസിനെ അതിജീവിക്കാനുള്ള വെന്റിലേറ്ററുകളും ടെസ്റ്റ്കിറ്റുകളും സര്‍ക്കാര്‍ സഹായത്തോടെ വീടുകളില്‍ നിന്ന് ഉല്‍പാദിപ്പിച്ചു. കോമില്‍ നിന്നും തെഹ്‌റാനില്‍ കൊവിഡില്ലാത്തവരെ ചെറുഗ്രാമങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കൊവിഡുള്ളവരെ ഒരിടത്തേക്ക് മാറ്റി ഐസൊലേറ്റ് ചെയ്തു. മാര്‍ച്ച് ഒടുവില്‍ ഓരോ മണിക്കൂറിലും 50 പേര്‍ വീതം രോഗബാധിതരാകുന്നിടത്ത് ഇപ്പോള്‍ ദിനേന 70ലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് വലിയനേട്ടമായി ഭരണകൂടം വിലയിരുത്തുന്നു.
കഴിഞ്ഞ ഒരു മാസക്കാലം കോടിക്കണക്കിനു ഇറാനികള്‍ ഒന്നുകില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞതിനു പിന്നിലും നല്ലൊരു നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പും മാര്‍ച്ച് മാസത്തില്‍ വലിയ ആഘോഷങ്ങളോടെ നടത്താറുള്ള നൗറൂസ് എന്ന പേരിലുള്ള പുതുവര്‍ഷവും ആരവങ്ങളില്ലാതെയാണ് കഴിഞ്ഞത്. ഇതിനിടയിലും ഇറാന്‍ അവരുടെ പരീക്ഷണങ്ങളും ഗവേഷണങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ആദ്യമായി പട്ടാള ഉപഗ്രഹം വിക്ഷേപണം വിജയകരമായി നടത്തിയത്. ലോകം കൊറോണക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുമ്പോഴും ലോകത്തിനുമുന്നില്‍ എഴുന്നേറ്റ് നിന്ന് വിജയകരമായ ഉപഗ്രഹ വിന്യാസം നടത്തി ഇറാന്‍ ആര്‍ജ്ജവം കാണിക്കുന്നു. അതേസമയം ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടച്ചിടല്‍ തുടരുകയാണ്.
ആടിയുലയുന്ന സമ്പദ്‌വ്യവസ്ഥ
2015 ലെ ആണവ കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും അതിനെ തുടര്‍ന്നുണ്ടായ ശക്തമായ ഉപരോധങ്ങളാലും ആഴത്തിലുള്ള മാന്ദ്യത്തില്‍ പെട്ടുഴലുന്ന സമ്പദ്‌വ്യവസ്ഥയിലേക്കാണ് കൊറോണയുടെ തള്ളിക്കയറ്റമുണ്ടായത്. കൊവിഡ് മറികടക്കാന്‍ ഭരണകൂടം അഞ്ച് ബില്യന്‍ ഡോളറിന്റെ സാമ്പത്തിക ആശ്വാസപദ്ധതി പ്രഖ്യാപിച്ചു. കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങളേയും നിത്യജോലിചെയ്ത് ജീവിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കിയ പദ്ധതി വലിയ ആശ്വാസമായിരുന്നെങ്കിലും ഇറാനെ പോലുള്ള വലിയൊരു രാജ്യത്ത് അത് എല്ലായിടത്തേക്കുമെത്തുമോ എന്ന വിമര്‍ശനമുണ്ട്.
പകര്‍ച്ചവ്യാധിയെ നേരിടാന്‍ തന്നെയാണു തീരുമാനമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിരുന്നു. 2019 ലെ കണക്കുകള്‍ പ്രകാരം ഇറാനിലെ തൊഴിലില്ലായ്മ നിരക്ക് 12% മാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ഒരുപരിധിവരെ അതിജീവിക്കുവാനും രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുവാനും ഭരണകൂടത്തിനു സാധിച്ചേക്കും. ഈ മഹാമാരിക്കെതിരേ അതിന്റെ അവസാനം വരെ പൊരുതുമെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപിതനയം. ത്വരിതഗതിയില്‍ അതിജീവിക്കാനായാല്‍ ഇറാന്‍ ലോകത്തിനു മാതൃകയാകുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."