തൊഴില്‍ തര്‍ക്കങ്ങള്‍ ആറു മാസത്തിനകം തീര്‍പ്പാക്കാന്‍ നടപടി വേണമെന്ന് ഗവര്‍ണര്‍
കിലെ 40ാം വാര്‍ഷികം സമാപിച്ചു
കോഴിക്കോട്: ജുവനൈല്‍, സ്ത്രീപീഡനക്കേസുകളുടെ മാതൃകയില്‍ തൊഴില്‍ തര്‍ക്കങ്ങളും ആറു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. അല്ലെങ്കില്‍ തൊഴില്‍ കേസുകള്‍ അനന്തമായി നീളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) 40ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായാധിപന്‍ എന്ന നിലയില്‍ തൊഴില്‍ മേഖലയിലെ ഒട്ടേറെ പരാതികള്‍ പരിഗണിക്കേണ്ടിവന്നിട്ടുണ്ട്. ഈ മേഖലയിലെ പരാതികളുടെ പരിഹാരം അനിശ്ചിതമായി നീളുന്നതിന് പരിഹാരം ഉണ്ടാകണം.
അവകാശങ്ങള്‍, ചുമതലകള്‍ എന്നിവ സൗഹൃദ അന്തരീക്ഷത്തില്‍ നേരിടാനായാല്‍ തര്‍ക്കത്തിന്റേയും പരാതിയുടേയും പാതയിലേക്ക് തൊഴില്‍മേഖലയ്ക്ക് പോകേണ്ടിവരില്ലെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
കേരളത്തിലെ തൊഴില്‍ രംഗം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഇതരസംസ്ഥാനക്കാരെ അതിഥി തൊഴിലാളികളെന്നാണ് കേരളം വിളിക്കുന്നത്. കേരളത്തിന്റെ തൊഴില്‍ നിയമങ്ങളാണ് മറ്റു സംസ്ഥാനങ്ങളും പിന്തുടരുന്നത്. ഇത് അഭിമാനാര്‍ഹമാണ്. വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ കേരളത്തില്‍ ധാരാളമുണ്ട്. നഗര ഗ്രാമ തൊഴിലില്ലായ്മയും നിലനില്‍ക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായി പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപീകരിക്കാനാണ് കിലെ ശ്രമിക്കുന്നത്.
പുതിയ സാഹചര്യങ്ങളില്‍ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മൂന്‍കൂട്ടി കണ്ട് നേരിടാന്‍ കിലെ സജ്ജമാകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. തൊഴിലും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനത്തിനാണ് കിലെ ഊന്നല്‍ നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. എളമരം കരീം എം.പി മുഖ്യപ്രഭാഷണം നടത്തി. കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ പി.കെ അനില്‍കുമാര്‍, കെ. മല്ലിക പ്രസംഗിച്ചു. ചെയര്‍മാന്‍ വി. ശിവന്‍കുട്ടി എം.എല്‍.എ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എം. ഷജീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."