ഫാബിയില്ലാത്ത വൈലാലില്‍ കഥകളുടെ സുല്‍ത്താന് ഓര്‍മദിനം
കോഴിക്കോട്: ശൂന്യമായ വൈലാലിന്റെ അരത്തിണ്ണ, മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ നിന്നു സ്വീകരണമുറിയിലേക്ക് സ്ഥാനം മാറിയ കഥകള്‍ പിറന്ന സുല്‍ത്താന്റെ ചാരുകസേര, സുല്‍ത്താന്‍ പടിയിറങ്ങിപ്പോയതിന്റെ വേദന മാറാതെ പൊടിപിടിച്ചു കിടക്കുന്ന ഗ്രാമഫോണ്‍. പോറലേല്‍ക്കാതെ കിടക്കുന്ന കണ്ണട. ഇവയ്ക്കരികില്‍ നിറഞ്ഞു നിന്നിരുന്ന ഫാബിയും ഇത്തവണ വൈലാലിലില്ല. കഥകളുടെ സുല്‍ത്താന്റെ ഓര്‍മ പുതുക്കാന്‍ സ്‌നേഹപ്പൂക്കളുമായി എത്തിയ കുട്ടികളെ ഇത്തവണ സ്വീകരിച്ചത്് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ മാത്രം.
കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് ഫാബിയും തന്റെ പ്രിയപ്പെട്ട ടാറ്റുവിനെ തേടി അനശ്വരതയിലേക്ക് യാത്രയായതോടെയാണ് വൈലാല്‍ നിശ്ശബ്ദമായത്്. മലയാളത്തിന്റെ വിശ്വകഥാകാരന്റെ അനുസ്മരണ വേളയില്‍ ഫാബി സൃഷ്ടിച്ച സൗഹൃദമാണ് രണ്ടു പതിറ്റാണ്ടായി വൈലാലിനെ ചടുലമാക്കിയിരുന്നത്. ഓരോ വര്‍ഷവും തന്നെ കാണാനെത്തുന്നവര്‍ക്ക്്് സുല്‍ത്താന്റെ പുതിയ കഥകള്‍ ഫാബി ഒരുക്കി വച്ചിരിക്കും. ഇത്തവണ സുല്‍ത്താന്റെ കുസൃതികളും തമാശകളും കുട്ടികള്‍ക്ക്്് ആരും പറഞ്ഞു നല്‍കിയില്ല. എല്ലാവരിലും ഫാബിയുടെ അഭാവം നൊമ്പരമായി. രാവിലെ മുതല്‍ തന്നെ കഥകളുടെ മായാലോകം തീര്‍ത്ത സുല്‍ത്താന്റെ വീട്ടില്‍ കഥകളുടെ വേരുകള്‍ തേടി കുട്ടിപ്പടയെത്തിയിരുന്നു. വൈകിട്ട് പതിവുപോലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ എല്ലാവരും ഒത്തു കൂടി. വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിനയും ചേര്‍ന്ന്്് സ്വീകരിച്ചിരുത്തി. അനുസ്മരണ ചടങ്ങുകള്‍ക്ക്് മകന്‍ അനീസ് ബഷീറും ചെറുമകന്‍ അസീം മുഹമ്മദ് ബഷീറും നേതൃത്വം നല്‍കി. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി രാമനുണ്ണി, ടി.പി ചെറൂപ്പ, കാനേഷ് പൂനൂര്‍, കെ.എസ് വെങ്കിടാചലം. എച്ച്.എം ഗോപി, ഡോ. ഗോപി പുതുക്കോട്, അന്‍വര്‍ തലയോലപ്പറമ്പ്്, ടി.വി ബാലന്‍, ഭാസി മലാപ്പറമ്പ്, അഡ്വ. എം. രാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."