'സേവനവും സുരക്ഷയും' ദുരന്ത ഭൂമിയില്‍ സമന്വയിപ്പിച്ച് വിഖായ വളണ്ടിയര്‍മാര്‍
താമരശേരി: ഉരുള്‍ പൊട്ടലില്‍ ദുരന്ത ഭൂമിയായി മാറിയ കട്ടിപ്പാറ കരിഞ്ചോല കുന്നില്‍ 'സേവനവും സുരക്ഷയും' സമന്വയിപ്പിച്ചും സര്‍വവും സമര്‍പ്പിച്ചും മാതൃകയാവുകയാണ് എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍. എസ്.കെ.എസ്.എസ്.എഫിന്റെ പ്രഖ്യാപിത മുദ്രാവാക്യമായ സേവനവും സന്നദ്ധ വിംഗായ വിഖായ (സുരക്ഷ)യും സംഗമിച്ചാണ് ദുരന്ത ഭൂമിയില്‍ കര്‍മനിരതരായത്.
കടല്‍ക്ഷോഭം പോലെ സമീപ കാലത്തെ ദുരന്തങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിന്റെ സേവനം പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. കട്ടിപ്പാറ ദുരന്തഭൂമിയിലേക്കും എസ്.കെ.എസ്.എസ്.എഫിന്റെ സേവനം അധികൃതര്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ ശക്തമായ സംഘടനാ നെറ്റ്‌വര്‍ക്ക് സംവിധാനമുള്ള എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ കട്ടിപ്പാറയിലേക്ക് ഓടിയെത്തുകയായിരുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അവധി നല്‍കിയാണ് ദുരന്തമുഖത്തേക്ക് കുതിച്ചത്.
മരം മുറിക്കുന്ന മെഷീന്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഇവര്‍ ദുരന്ത ഭൂമിയിലെത്തിയത്. പൊലിസ്, ഫയര്‍ ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ സേന, നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരോടൊപ്പം ഇവര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. ദുരന്തഭൂമിയിലും പൂനൂര്‍ പുഴ അരിച്ച് പെറുക്കുന്നതിലും വളണ്ടിയര്‍മാരുടെ സേവനം ഏറെ സഹായകമായി. പെരുന്നാള്‍ ദിവസം ആയതിനാല്‍ ആളുകള്‍ കട്ടിപ്പാറയിലേക്ക് ഒഴുകി എത്തിയിരുന്നു.
ഇവരെ നിയന്ത്രിക്കുന്നതിനും ദുരിതബാധിതര്‍ കഴിയുന്ന ക്യാംപിലേക്കും ദുരന്ത ഭൂമിയിലേക്കും വെള്ളവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും വിഖായ വളണ്ടിയര്‍മാര്‍ അധ്വാനിച്ചു.
നൂറില്‍പ്പരം വിഖായ അംഗങ്ങളെയാണ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫ് ഇറക്കിയത്. നീന്തല്‍, ഫസ്റ്റ് എയ്ഡ്, ട്രോമാകെയര്‍, പാലിയേറ്റീവ് ഉള്‍പ്പെടെ പ്രത്യേക പരിശീലനം സിദ്ധിച്ച ആക്ടീവ് വളണ്ടിയര്‍മാരാണ് കര്‍മരംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."