സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: ചെന്നിത്തല
കൊച്ചി: 9.5 കോടി രൂപ മുടക്കി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തെ പരിഹസിച്ച് യു.ഡി.എഫ് പ്രസിദ്ധീകരിച്ച 'പാഴായ ആയിരം ദിവസങ്ങള്‍' എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ദുര്‍ഭരണത്തിന്റെ യഥാര്‍ഥവശം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പ്രസിദ്ധീകരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാരംഗത്തും പരാജയപ്പെട്ട സര്‍ക്കാരിന്റെ ഏക സംഭാവന കൊലപാതകം മാത്രമാണ്. പെരിയ കൊലക്കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറ്റം നിഷേധിച്ച പ്രതി പീതാംബരന് മൊഴിമാറ്റിയത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷിക്കണം. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. നിഷ്ക്രിയത്വത്തിന്റെ തടവറയിലാണ് സര്‍ക്കാര്‍. നേട്ടങ്ങളുടെ പട്ടികയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ ഉള്‍പ്പെടുത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജോണി നെല്ലൂര്‍, എ.എ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."